ADVERTISEMENT

മുംബൈ ∙ മറൈൻ ഡ്രൈവിൽ ഇന്നലെ അറബിക്കടലിനു പകരം അലയടിച്ചത് മനുഷ്യക്കടലായിരുന്നു! 11 വർഷമായി ഉള്ളിൽ ഊറിക്കൂടിയ വേദനയുടെ വിങ്ങലും നിർഭാഗ്യത്തിന്റെ നീറ്റലും മറച്ചുപിടിക്കാൻ മുംബൈയുടെ മണ്ണിനോ വിണ്ണിനോ സാധിച്ചില്ല. നീലപുതച്ച തുറന്ന ബസിൽ പ്രതീക്ഷയുടെ വെള്ളിത്തിളക്കമുള്ള ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീം വന്നിറങ്ങിയപ്പോൾ ആകാശം ആനന്ദക്കണ്ണീർ തൂവി, ഭൂമിയും മനുഷ്യരും അതിൽ അലിഞ്ഞുചേർന്നു. വിശ്വവിജയികളായി തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആരാധകരാണ് മറൈൻ ഡ്രൈവിലും പരിസരത്തുമായി കാത്തുനിന്നത്. നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ 1.7 കിലോമീറ്റർ നീളുന്ന വിക്ടറി പരേഡ് വൈകിട്ട് 5 മണിക്ക് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട‌ു മണിക്കൂറോളം വൈകിയായിരുന്നു തു‌ടക്കം. 

2007ലെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച് മുംബൈയിൽ നടന്നപ്പോൾ (ഫയൽചിത്രം).
2007ലെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച് മുംബൈയിൽ നടന്നപ്പോൾ (ഫയൽചിത്രം).

രാവിലെ ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് ഉയർത്തിപ്പിടിച്ച ട്രോഫിയുമായി ആദ്യം പുറത്തെത്തിയത് ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നെങ്കിൽ മുംബൈയിൽ ട്രോഫിയുമായി ആദ്യം ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത് വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയായിരുന്നു. ബസ് പുറപ്പെട്ടതിനു പിന്നാലെ ലോകകപ്പ് ട്രോഫി ഒന്നിച്ചുയർത്തി ആരാധകരെ അഭിവാദ്യം ചെയ്തത് രോഹിത് ശർമയും വിരാട് കോലിയുമായിരുന്നു. ‘മുംബൈഛാ രാജാ, രോഹിത് ശർമ’ (ആരാണ് മുംബൈയുടെ രാജാവ്? രോഹിത് ശർമ) എന്നാർപ്പുവിളിച്ചാണ് ഇന്ത്യൻ ക്യാപ്റ്റനെ ആരാധകർ വരവേറ്റത്. പിന്നാലെ ഇന്ത്യൻ ടീമിലെ ഓരോ താരത്തിനു വേണ്ടിയും ആരാധകർ ആർപ്പുവിളിച്ചു. 

sanju
ഡൽഹി വിമാനത്താവളത്തിനു പുറത്തേക്കു വരുന്ന സഞ്ജു സാംസൺ. ചിത്രം: രാഹുൽ ആർ.പട്ടം / മനോരമ

മറൈൻ ഡ്രൈവിൽ തിങ്ങിക്കൂടിയ ആരാധകരുടെ എണ്ണം അതിരുകടന്നതോടെ 5 മിനിറ്റിൽ നടന്നെത്താവുന്ന ദൂരം താണ്ടാൻ ഇന്ത്യൻ ടീം എടുത്തത് ഒന്നര മണിക്കൂർ! ബസ് 7 മണിക്ക് സ്റ്റേഡിയത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നതിനാൽ രാവിലെ മുതൽ സ്റ്റേഡിയത്തിനു പരിസരത്തായി ആളുകൾ തിങ്ങിക്കൂടിയിരുന്നു. വൈകിട്ട് 5 മണിയോടെ തന്നെ സ്റ്റേഡിയം നിറഞ്ഞു. അകത്തു കടക്കാൻ സാധിക്കാത്തവർ സ്റ്റേഡിയത്തിനു പുറത്ത് തമ്പടിച്ചതോടെ സ്റ്റേഡിയം പരിസരത്തെ ഗതാഗതം പൂർണമായും സ്തംഭിച്ചു.



വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ കാണികളെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ താരങ്ങൾ
വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ കാണികളെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ താരങ്ങൾ

‘വന്ദേമാതര’ത്താൽ മുഖരിതമായ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് നിലയ്ക്കാത്ത കയ്യടികളോടെയാണ് ഇന്ത്യൻ ടീമിനെ കാണികൾ വരവേറ്റത്. ലോകകപ്പ് ട്രോഫിയുമായി ഗ്രൗണ്ട് വലംവച്ച ക്യാപ്റ്റൻ രോഹിത് ശർമയും സംഘവും കാണികളെ അഭിവാദ്യം ചെയ്തും ആനന്ദനൃത്തം ചവിട്ടിയും സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. തങ്ങൾ ഒപ്പിട്ട പന്തുകളും ജഴ്സികളും കാണികൾക്ക് സമ്മാനിച്ചാണ് താരങ്ങൾ ഗ്രൗണ്ടിൽ നിന്നു തിരിച്ചുകയറിയത്.

 പിന്നാലെ വിശ്വവിജയികളായ ഇന്ത്യൻ ടീമിന് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുകയുടെ ചെക്ക് പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്ന് കൈമാറി. കാണികളെ അഭിസംബോധന ചെയ്ത ശേഷമാണ് ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർ മടങ്ങിയത്.

ജസ്പ്രീത് ബുമ്ര, ഭാര്യ സഞ്ജന, മകൻ അംഗദ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
ജസ്പ്രീത് ബുമ്ര, ഭാര്യ സഞ്ജന, മകൻ അംഗദ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

2007ൽ എം.എസ്.ധോണിയുടെ നേതൃത്വത്തിൽ ട്വന്റി20 ലോകകപ്പ് നേടിയ ടീമും സമാനമായ വിക്ടറി പരേഡ് നടത്തിയിരുന്നു. അന്ന് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു രോഹിത്. 17 വർഷങ്ങൾക്കിപ്പുറം ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനും ടീമിലെ പ്രായം കൂടിയ താരവുമായ രോഹിത്തിന് ഈ പരേഡ് സമ്മാനിച്ചത് ഓർമകളുടെ മറ്റൊരു വേലിയേറ്റം...

ഈ ആരാധകരെ കാണുമ്പോൾ ഒരു കിരീടത്തിനായി നമ്മൾ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നു മനസ്സിലാകും. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ മുഖത്ത് പുഞ്ചിരി പടർത്താൻ ഈ ലോകകപ്പിന് സാധിച്ചു. ഈ ട്രോഫി രാജ്യത്തിന് സമർപ്പിക്കുന്നു.

ഫൈനലിനു ശേഷം ഡ്രസിങ് റൂമിന്റെ പടിക്കെട്ട് ഇറങ്ങുമ്പോൾ ഞാൻ കരയുകയായിരുന്നു. രോഹിത്തും അപ്പോൾ കരയുന്നത് കണ്ടു. ഞങ്ങൾ അവിടെ വച്ച് കെട്ടിപ്പിടിച്ച് കരഞ്ഞു. ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. ഈ കപ്പ് ഞങ്ങൾ അത്രമാത്രം ആഗ്രഹിച്ചിരുന്നു.

English Summary:

Team india's victory parede in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com