മുംബൈയിലെ റോഡ് ഷോയ്ക്കു പിന്നാലെ ലണ്ടനിലേക്കു പറന്നു, വിശ്രമമില്ലാതെ വിരാട് കോലി
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പ് വിജയികൾക്കുള്ള സ്വീകരണം ഏറ്റുവാങ്ങിയതിനു തൊട്ടുപിന്നാലെ ലണ്ടനിലേക്കു പോയി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. വ്യാഴാഴ്ച രാവിലെ ബാർബഡോസിൽനിന്ന് ഡൽഹിയിലെത്തിയ ഇന്ത്യൻ ടീം, ഉച്ചയ്ക്കു ശേഷം മുംബൈയിലേക്കു പോയിരുന്നു. മുംബൈയിലെ റോഡ് ഷോയും രാത്രി വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണ പരിപാടിക്കും ശേഷമാണു വിരാട് കോലി ലണ്ടനിലേക്കു പോയത്. രാത്രി മുംബൈ വിമാനത്താവളത്തിൽനിന്നായിരുന്നു കോലിയുടെ യാത്ര.
വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമയും മക്കളും ലണ്ടനിലാണുള്ളത്. എന്നാണു താരം നാട്ടിലേക്ക് തിരികെയെത്തുകയെന്നു വ്യക്തമല്ല. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കായി അനുഷ്ക ശർമയും കോലിക്കൊപ്പം യുഎസിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം അഞ്ച് ദിവസത്തോളം ബാർബഡോസിൽ കുടുങ്ങിയിരുന്നു.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്നു വിമാന സർവീസുകൾ നിർത്തിവച്ചതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബാര്‍ബഡോസിൽ കുറച്ചു ദിവസങ്ങൾ തങ്ങേണ്ടിവന്നത്. തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലായിരുന്നു താരങ്ങളുടെ മടക്കയാത്ര.