ഇന്ത്യയെ അട്ടിമറിച്ച് സിംബാബ്വെ; ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള ആദ്യ ട്വന്റി20 മത്സരത്തിൽ 13 റൺസ് തോൽവി
Mail This Article
ഹരാരെ∙ ചാംപ്യന്മാരുടെ പകിട്ടോടെ ട്വന്റി20 ലോകകപ്പിനുശേഷം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വൻ തോൽവി. അതും താരതമ്യേന കുഞ്ഞന്മാരായ സിംബാബ്‍വെയോട്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യയുടെ തോൽവി. സിംബാബ്‌വെ ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 102 റൺസിന് ഓൾഔട്ടായി. ലോകകപ്പ് ടീമിലെ ആരും തന്നെ ടീമിലില്ലെങ്കിലും ലോകകപ്പ് നേട്ടത്തിന്റെ ശോഭ കെടുത്തുന്നതായി ഈ തോൽവി. ഐസിസി ട്വന്റ്ി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും സിംബാബ്‌വെ 12–ാം സ്ഥാനത്തുമാണ്. ഈ വർഷം, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണ് ഇത്.
മൂന്നു വിക്കറ്റ് വീതം നേടിയ ക്യാപ്റ്റൻ സിക്കന്ദർ റാസ, ടെൻഡായ് ചറ്റാര എന്നിവരുടെ നേതൃത്വത്തിലുള്ള ബോളർമാരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. ഇന്ത്യൻ ബാറ്റർമാരിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (29 പന്തിൽ 31), വാഷിങ്ടൻ സുന്ദർ (34 പന്തിൽ 27), ആവേശ് ഖാൻ (12 പന്തിൽ 16) എന്നിവർ. വാഷിങ്ടൻ സുന്ദറിന്റെ രക്ഷാപ്രവർത്തനമാണ് ഇന്ത്യയുടെ സ്കോർ നൂറു കടത്തിയത്. അവസാന ഓവറിൽ 16 റൺസായിരുന്നു ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ രണ്ടു റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. നാലാം പന്തിൽ വാഷിങ്ടൻ സുന്ദർ വീണതോടെ ഇന്ത്യയുടെ പതനം പൂർത്തിയായി.
മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ അരങ്ങേറ്റക്കാരൻ അഭിഷേക് ശർമയെ സംപൂജ്യനായി മടക്കി ബ്രയാൻ ബെന്നറ്റ് ഇന്ത്യയെ ഞെട്ടിച്ചു. പിന്നീടെത്തിയ ഒരു ബാറ്റർമാർക്കും നിലയുറപ്പിക്കാൻ സാധിക്കാത്തതോടെ മത്സരം ഇന്ത്യ കൈവിടുകയായിരുന്നു. ശുഭ്മാൻ ഗിൽ അൽപനേരം പിടിച്ചുനിന്നെങ്കിലും ആറാമനമായി ക്യാപ്റ്റനും മടങ്ങി. പിന്നീട് വാഷിങ്ടൻ സുന്ദർ, ആവേശ് ഖാൻ എന്നിവരുടെ ബാറ്റിങ് നേരിയ പ്രതീക്ഷ നൽകിയെങ്കിലും പരാജയമറിയാനായിരുന്നു ഇന്ത്യയുടെ വിധി. ട്വന്റി20യിൽ ഓൾഔട്ടായ മത്സരങ്ങളിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇന്ത്യയുടെ ചെറിയ സ്കോറാണിത്.
∙ എറിഞ്ഞിട്ട് ബിഷ്ണോയ്
ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 115 റൺസെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രവി ബിഷ്ണോയ് ആണ് സിംബാബ്‍വെ ഇന്നിങ്സിനെ പിടിച്ചുകെട്ടിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 29 റൺസ് നേടിയ വിക്കറ്റ് കീപ്പർ ക്ലൈവ് മദാൻദെയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. ബ്രയാൻ ബെന്നറ്റ്, ഡിയോൺ മിയേഴ്സ് എന്നിവർ 23 റൺസ് വീതവും ഓപ്പണർ വെസ്‌ലി മധേവേരെ 21 റൺസും നേടി. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഇന്നസെന്റ് കിയയെ ഗോൾഡൻ ഡക്കാക്കി മുകേഷ് കുമാറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചത്.
പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി സിംബാബ്‍വെ ഇന്നിങ്സിനെ ഇന്ത്യൻ ബോളർമാർ വരിഞ്ഞുമുറുക്കി. ക്ലൈവ് മദാൻദെയുടെ ഇന്നിങ്സാണ് അവരുടെ സ്കോർ നൂറു കടത്തിയത്. ഇന്ത്യയ്ക്കായി വിഷ്ങ്ടൻ സുന്ദർ രണ്ടു വിക്കറ്റും മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയ്ക്കായി അഭിഷേക് ശർമ, ധ്രുവ് ജുറേൽ, റിയാൻ പരാഗ് എന്നിവർ ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ചു. 2024 ഐപിഎൽ സീസണിലെ ഗംഭീര പ്രകടനമാണ് പരാഗിനും അഭിഷേകിനും ടീം ഇന്ത്യയിലേക്കുള്ള വഴിതുറന്നത്. ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ധ്രുവ് ജുറേൽ അരങ്ങേറിയിരുന്നു.