ADVERTISEMENT

ഹരാരെ∙ ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷ പ്രകടനങ്ങൾ തീരുംമുൻപേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത പ്രഹരമായി സിംബാബ്‍വെയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലെ തോല്‍വി. ഹരാരെയിൽ നടന്ന പോരാട്ടത്തിൽ 13 റൺസിനാണ് ട്വന്റി20 ലോകകപ്പിനു യോഗ്യത നേടാൻ പോലുമാകാതിരുന്ന സിംബാബ്‍വെ ടീം, ഇന്ത്യയെ അട്ടിമറിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സിംബാബ്‍വെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 115 റൺസിൽ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് അടി പതറുകയായിരുന്നു. 19.5 ഓവറിൽ 102 റൺസിനാണ് ഇന്ത്യ ഓൾഔട്ടായത്.

സിംബാബ്‍വെ ക്യാപ്റ്റൻ സിക്കന്ദർ റാസ കളിയിലെ താരമായി. നാലോവർ പന്തെറിഞ്ഞ താരം 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 29 പന്തിൽ 31 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വാഷിങ്ടൻ സുന്ദറും (34 പന്തിൽ 27), ആവേശ് ഖാനുമാണ് (12 പന്തിൽ 16) ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർ‌മാർ. ആദ്യം ബാറ്റു ചെയ്ത സിംബാബ്‍വെ ക്ലിവ് മദൻദെ (25 പന്തിൽ 29), ഡിയോൺ മെയർസ് (22 പന്തിൽ 23), ബ്രയാൻ ബെന്നറ്റ് (15 പന്തിൽ 22), വെസ്‍ലി മാഥവരെ (22 പന്തിൽ 21) എന്നിവരുടെ ചെറുത്തുനിൽപിലാണ് 115 റണ്‍സിലെത്തിയത്.

india-zim
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങള്‍. Photo: FB@IndianCricketTeam

മറുപടി ബാറ്റിങ്ങിൽ വാലറ്റത്ത് വാഷിങ്ടന്‍ സുന്ദർ പിടിച്ചുനിന്നില്ലായിരുന്നെങ്കിൽ ഇന്ത്യൻ സ്കോർ 100 കടക്കില്ലായിരുന്നു. പന്തെറിയാനെത്തിയ സിംബാബ്‍വെ ബോളർമാരെല്ലാം വിക്കറ്റു വീഴ്ത്തി. റാസയ്ക്കു പുറമേ തെന്റായി ചറ്റാരയും മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി. ട്വന്റി20 ക്രിക്കറ്റിൽ 2024 ൽ ഇന്ത്യ ആദ്യമായാണ് ഒരു കളി തോൽക്കുന്നത്. ട്വന്റി20യിൽ തോൽവി അറിയാതെയുള്ള ഇന്ത്യയുടെ കുതിപ്പിന് 13–ാം മത്സരത്തിൽ അവസാനമായി. 2023–24 വർഷത്തിൽ തുടർച്ചയായി 12 ട്വന്റി20 വിജയങ്ങളാണ് ഇന്ത്യ നേടിയത്.

ആദ്യ രാജ്യാന്തര ട്വന്റി20 മത്സരം കളിക്കാനിറങ്ങിയ അഭിഷേക് ശർമ (പൂജ്യം), റിയാൻ പരാഗ് (രണ്ട്), ധ്രുവ് ജുറേൽ (ആറ്) എന്നിവർക്കൊന്നും തിളങ്ങാനായില്ല. റിങ്കു സിങ് നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്തായതും തിരിച്ചടിയായി. ട്വന്റി20 ലോകകപ്പിലെ 15 അംഗ ടീമിലെ ഒരാളും സിംബാബ്‍വെയ്ക്കെതിരായ ആദ്യ മത്സരത്തിൽ കളിക്കാനുണ്ടായിരുന്നില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ രണ്ടാം മത്സരത്തിനു ശേഷം മാത്രമാണു ടീമിനൊപ്പം ചേരുക. പക്ഷേ ട്വന്റി20 ക്രിക്കറ്റിൽ ഐപിഎല്ലിൽ പയറ്റിത്തെളിഞ്ഞ താരങ്ങളുമായാണ് ഇന്ത്യ സിംബാബ്‍വെയ്ക്കെതിരെ ഇറങ്ങിയത്. ഈ അനുഭവ സമ്പത്തും ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കു രക്ഷയായില്ല.

india-zim-1
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങള്‍. Photo: FB@IndianCricketTeam

ട്വന്റി20യിൽ ഇന്ത്യയുടെ ചെറിയ സ്കോറുകൾ (ഓൾഔട്ടായ മത്സരങ്ങൾ)

74 vs ഓസ്ട്രേലിയ (മെൽബണ്‍, 2008)

79 vs ന്യൂസീലൻഡ് (നാഗ്പൂർ, 2016)

92 vs ദക്ഷിണാഫ്രിക്ക (കട്ടക്ക്, 2015)

101 vs ശ്രീലങ്ക (പുണെ, 2016)

102 vs സിംബാബ്‍വെ (ഹരാരെ, 2024)

സിംബാബ്‍വെ പ്രതിരോധിച്ച് ജയിച്ച ചെറിയ സ്കോറുകൾ

105 vs വെസ്റ്റിൻഡീസ് (പോർട്ട് ഓഫ് സ്പെയിൻ, 2010)

115 vs ഇന്ത്യ (ഹരാരെ, 2024)

117 vs അയര്‍ലൻഡ് (ഡബ്ലിൻ, 2021)

118 vs പാക്കിസ്ഥാൻ (ഹരാരെ, 2021)

124 vs അയർലൻഡ് (ബ്രീഡി, 2021)

article--spo
English Summary:

Zimbabwe beat India in first twenty 20 match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com