'ഇന്ത്യയാണ് ട്വന്റി20യിൽ ബെസ്റ്റ്, ഇത് അവസരങ്ങളുടെ പരമ്പര; വെല്ലുവിളികളുടേതും’
Mail This Article
ലോക ചാംപ്യന്മാരായ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പര വെല്ലുവിളിക്കൊപ്പം വലിയ അവസരമാണെന്നും വളരെ ആവേശത്തിലാണു താനും സിംബാബ്‌വെ ടീമുമെന്നും ഹെഡ് കോച്ച് ജസ്റ്റിൻ സമൺസ്. ഏറ്റവും മികച്ചവർക്കെതിരെ സിംബാബ്‌വെയുടെ കഴിവുകൾ പ്രകടിപ്പിക്കാനും ടീം എവിടെയാണെന്നു വ്യക്തമായി മനസ്സിലാക്കാനുള്ള അവസരമാണു പരമ്പരയെന്നും സമൺസ് പറഞ്ഞു. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി സമൺസ് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ നിന്ന്...
Q ട്വന്റി20 ലോക ചാംപ്യന്മാരായാണ് ഇന്ത്യ സിംബാബ്‌വെയ്ക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യയുടെ കിരീട നേട്ടത്തെ എങ്ങനെ വിലയിരുത്തുന്നു?
Aകോച്ചിങ് കരിയറിലെ തുടക്കക്കാരൻ എന്ന നിലയിൽ ലോകത്തിലെ മികച്ച ട്വന്റി20 ടീമിനോടുള്ള ഏറ്റുമുട്ടൽ വലിയ അവസരമാണ്. സിംബാബ്‌വെ എന്ന ടീമിനും ഓരോ കളിക്കാർക്കും കഴിവുകൾ പുറത്തെടുക്കാൻ സുവർണാവസരമാണ് ഈ പരമ്പര. എതിരാളിയായ ടീമിനെ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ മികച്ച ടീമിനെ തന്നെയാകും ഞാനും തിരഞ്ഞെടുക്കുക. ഇന്ത്യയാണു ട്വന്റി20യിൽ ബെസ്റ്റ്.
Qസിംബാബ്‌വെ കോച്ചായ ശേഷമുള്ള ആദ്യ ക്രിക്കറ്റ് പരമ്പരയാണിത്. തയാറെടുപ്പുകൾ?
Aകുറച്ചു ദിവസങ്ങൾ മാത്രമാണു ഞാൻ ടീമിനൊപ്പമുണ്ടായിരുന്നത്. എങ്കിലും കൃത്യമായ ധാരണയോടെ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നിവയിൽ ടീം അംഗങ്ങളുടെ പരമാവധി കഴിവുകൾ പുറത്തെടുക്കാനുള്ള ചർച്ചകളും നടത്തിയിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ മികച്ച ടീമിനെ നിർമിച്ചെടുക്കാനാണ് ആഗ്രഹിക്കുന്നത്.
Qദക്ഷിണാഫ്രിക്കൻ പരിചയം ഏതെല്ലാം തരത്തിൽ സിംബാബ്‌വെ ടീമിനെ ഈ പരമ്പരയ്ക്കു തയാറാക്കാൻ സഹായിച്ചിട്ടുണ്ട്?
A തുടക്കമായതിനാൽ വലിയ മാറ്റങ്ങൾ ടീമിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയ്ക്കെതിരെയുള്ള ടീമിന്റെ പ്രകടനം വിലയിരുത്തിയാകും തുടർ പരീക്ഷണങ്ങൾ. ഓരോ കളിക്കാരെയും അവരുടെ മികവിനെയും മനസ്സിലാക്കിയ ശേഷമാകും പ്രവർത്തനം.
Qസിംബാബ്‌വെ ടീമിന്റെ ശക്തിയും ദൗർബല്യങ്ങളും
Aടീമിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ ഇനിയും സമയമെടുക്കും. എങ്കിലും സീം ബോളർമാരുടെ പ്രകടനം നിർണായകമാകുമെന്നാണു കരുതുന്നത്. കായികരംഗത്ത് അടക്കം വിവിധ മേഖലകളിൽ വ്യത്യസ്ത കഴിവുകളുള്ള രാജ്യമാണ് സിംബാബ്‌വെ. എല്ലാത്തിനും നല്ല ആസൂത്രണമുണ്ട്. ആ ആസൂത്രണം വരും നാളുകളിൽ സിംബാബ്‌വെയുടെ ക്രിക്കറ്റ് ടീമിലും ഉണ്ടാകും.