ഷാറുഖിന്റെ ഓഫർ തള്ളി, ടീം ഇന്ത്യയിലേക്കു ‘ഗംഭീര’ തിരിച്ചുവരവ്; കാത്തിരിക്കുന്നത് പുതിയ ദൗത്യങ്ങൾ
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പ് കിരീടം ജയിച്ച ഇന്ത്യൻ ടീമിനെ പുതിയ ദൗത്യങ്ങളിലേക്കു നയിക്കാൻ ഗൗതം ഗംഭീർ വരുന്നു. രാഹുൽ ദ്രാവിഡ് ഒഴിഞ്ഞ പരിശീലകക്കസേരയിലേക്കാണ് ഗൗതം ഗംഭീറിന്റെ വരവ്. ടീം ഇന്ത്യ 2007ൽ ട്വന്റി20 ലോകകപ്പും 2011 ൽ ഏകദിന ലോകകപ്പും നേടുമ്പോൾ ഫൈനലിൽ നിർണായക സ്കോറുകൾ പിറവികൊണ്ടത് ഗംഭീറിന്റെ ബാറ്റിൽനിന്നായിരുന്നു. 2007ൽ പാക്കിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പ് ഫൈനലിൽ 54 പന്തുകള്‍ നേരിട്ട ഗംഭീർ 75 റൺസെടുത്തു. ശ്രീലങ്കയ്ക്കെതിരായ 2011 ഏകദിന ലോകകപ്പ് ഫൈനലിൽ 122 പന്തിൽ 97 റൺസും നേടി. ക്യാപ്റ്റൻ എം.എസ്. ധോണിക്കൊപ്പം ഈ ലോകകപ്പുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആഘോഷിച്ച പേരാണ് ഗംഭീറിന്റേത്.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയ 2012, 2014 സീസണുകളിൽ ഗംഭീറായിരുന്നു ടീം ക്യാപ്റ്റൻ. 2024 ൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ കൊൽക്കത്ത ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ ടീം മെന്ററുടെ റോളിൽ ഗംഭീർ കൊൽക്കത്തയ്ക്കൊപ്പമുണ്ടായിരുന്നു. ആഴ്ചകൾക്കു മുൻപേ തന്നെ ഗംഭീറിന്റെ അഭിമുഖം പൂർത്തിയായിരുന്നെങ്കിലും, പ്രതിഫലക്കാര്യത്തിൽ അനിശ്ചിതത്വം തുടര്‍ന്നതിനാലാണു ഹെഡ് കോച്ചായുള്ള പ്രഖ്യാപനം ഇത്രയേറെ വൈകിയത്. ഗൗതം ഗംഭീറിന്റെ വാർഷിക പ്രതിഫലം എത്രയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഷാറുഖിന്റെ ഓഫർ വേണ്ടെന്നുവച്ച് ‘തിരിച്ചുവരവ്’
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് 2024 ഐപിഎല്‍ സീസണിനു തൊട്ടുമുൻപാണ് ഗംഭീർ എത്തുന്നത്. ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്റർ സ്ഥാനം രാജി വച്ചായിരുന്നു ഗംഭീർ പഴയ തട്ടകത്തിലേക്കുവന്നത്. ആദ്യ സീസണിൽ തന്നെ കൊൽക്കത്തയെ കിരീടത്തിലേക്ക് എത്തിക്കാൻ സാധിച്ചതോടെ ഗംഭീറിനെ ഇന്ത്യൻ ടീമിന്റെ പരിശീലകനാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഗംഭീറിന് ചുമതലയേൽക്കാൻ തുടക്കം മുതല്‍ താൽപര്യമുണ്ടായിരുന്നെങ്കിലും താരത്തെ ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരുക്കമായിരുന്നില്ല.
കൊൽക്കത്ത ടീമുടമ ഷാറുഖ് ഖാൻ ഗംഭീറുമായി മണിക്കൂറുകളോളം ചർച്ച നടത്തുകയും പത്തു വർഷത്തേക്ക് ടീമിനൊപ്പം തുടരാനുള്ള ഓഫർ നൽകുകയും ചെയ്തിരുന്നു. ടീം വിടാതിരിക്കാൻ ഷാറുഖ് ഗംഭീറിന് ‘ബ്ലാങ്ക് ചെക്ക്’ നൽകിയതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ഓവറുകൾ വേണ്ടെന്നു വച്ചാണ് ഗംഭീർ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്റെ റോളിലെത്തുന്നത്. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനമായിരിക്കും ഗംഭീറിന്റെ ആദ്യ ചുമതല. മൂന്നു വർഷത്തേക്കാണ് ബിസിസിഐയുമായുള്ള കരാർ. ഇതുപ്രകാരം 2027 വരെ താരം ടീമിനൊപ്പമുണ്ടാകും.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും 2025 ചാംപ്യൻസ് ട്രോഫിയിലും ഗംഭീർ ടീമിനെ ഒരുക്കും. രോഹിത് ശർമയ്ക്കു കീഴിൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗംഭീർ– രോഹിത് കോംബോ ആയിരിക്കും ഇനിയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ടീം ഇന്ത്യയുടെ കരുത്ത്. രോഹിത് ശർമ വിരമിച്ചതിനാൽ ഹാർദിക് പാണ്ഡ്യയായിരിക്കും ട്വന്റി20യിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ. 2026ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനും ഇന്ത്യൻ ടീം തയാറെടുക്കുക ഗംഭീറിനു കീഴിലായിരിക്കും.