ഗംഭീറിന്റെ ടീമിൽ ആരൊക്കെ? അഭിഷേക് നായരെ അസിസ്റ്റന്റ് കോച്ചാക്കണമെന്ന് ആവശ്യം
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനൊപ്പം സംഘത്തിൽ ആരൊക്കെ ഉണ്ടാകണമെന്ന നിർദേശങ്ങൾ ഗൗതം ഗംഭീര്‍ ബിസിസിഐയ്ക്കു മുന്നിൽവച്ചതായി വിവരം. മുൻ ഇന്ത്യൻ താരം അഭിഷേക് നായർ ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചാകണമെന്നാണ് ഗംഭീറിന്റെ ആദ്യത്തെ ആവശ്യം. ഐപിഎല്‍ 2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ സഹ പരിശീലകനായിരുന്നു അഭിഷേക് നായർ. മുംബൈ മലയാളിയായ അഭിഷേക് ഇന്ത്യയ്ക്കായി മൂന്ന് ഏകദിന മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള അഭിഷേക്, കൊൽക്കത്തയുടെ അക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടേയും പുതുച്ചേരിയുടേയും താരമായിരുന്നു. ഐപിഎല്ലിൽ കിങ്സ് ഇലവന്‍ പഞ്ചാബ്, പുണെ വാരിയേഴ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളുടേയും ഭാഗമായിരുന്നു. ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്ന കാര്യം ഗൗതം ഗംഭീർ നേരത്തേ തന്നെ അഭിഷേക് നായരുമായി സംസാരിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മുന്‍ ഇന്ത്യൻ പേസർ വിനയ് കുമാറിനെ ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനാക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഗംഭീർ ഇന്ത്യൻ പരിശീലകനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജിവച്ചാണ് ഗംഭീര്‍ ടീം ഇന്ത്യയുടെ ഭാഗമാകുന്നത്. പരിശീലക സ്ഥാനത്ത് ഗംഭീറിന്റെ പ്രതിഫലം എത്രയാണെന്നു വ്യക്തമായിട്ടില്ല. ജൂലൈ 27ന് തുടങ്ങുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനു മുൻപ് ഗംഭീർ ടീമിനൊപ്പം ചേരും.