ഈസി ഇന്ത്യ!
Mail This Article
ഹരാരെ ∙ സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ 23 റൺസ് ജയവുമായി 5 മത്സര പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടിയപ്പോൾ സിംബാബ്‌വെയുടെ മറുപടി 159 റൺസിൽ അവസാനിച്ചു.
സ്കോർ: ഇന്ത്യ 20 ഓവറിൽ 4ന് 182. സിംബാബ്‌വെ 20 ഓവറിൽ 6ന് 159. നാല് ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വാഷിങ്ടൻ സുന്ദറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ശനിയാഴ്ചയാണ് പരമ്പരയിലെ അടുത്ത മത്സരം.
സമ്പൂർണം ഇന്ത്യ
ഇന്ത്യ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വെസ്‌ലി മദ്‌വേരെയെ (1) നഷ്ടമായി. പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ പേസർമാർ പവർപ്ലേയിൽ 3ന് 37 എന്ന നിലയിലേക്ക് സിംബാബ്‌വെയെ പിടിച്ചുകെട്ടി. പിന്നാലെ സ്പിന്നർമാർ കളംനിറഞ്ഞതോടെ സിംബാബ്‌വെയുടെ നില കൂടുതൽ പരുങ്ങലിലായി. ഒരു ഘട്ടത്തിൽ 5ന് 39 എന്ന നിലയിലേക്കു വീണ ആതിഥേയരെ ആറാം വിക്കറ്റിൽ 57 പന്തിൽ 77 റൺസ് കൂട്ടിച്ചേർത്ത ഡിയോൺ മയേഴ്സ് (49 പന്തിൽ 65 നോട്ടൗട്ട്)– ക്ലൈവ് മഡാൻഡെ (26 പന്തിൽ 37) സഖ്യമാണ് കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മയേഴ്സ് സിംബാബ്‌വെയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ജയിക്കാൻ അത് പോരായിരുന്നു.
നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്വാളും (27 പന്തിൽ 36) ശുഭ്മൻ ഗില്ലും (49 പന്തിൽ 66) മികച്ച തുടക്കമാണ് നൽകിയത്. മൂന്നാമനായി എത്തിയ അഭിഷേക് ശർമ (10) നിരാശപ്പെടുത്തിയെങ്കിലും മധ്യ ഓവറുകളിൽ ആഞ്ഞടിച്ച ഋതുരാജ് ഗെയ്ക്‌വാദ് (28 പന്തിൽ 49) സ്കോറിങ് ഉയർത്തി. അവസാന ഓവറുകളിൽ ബാറ്റിങ്ങിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ 7 പന്തിൽ പുറത്താകാതെ 12 റൺസ് നേടി.