ജയ്സ്വാളിന് സെഞ്ചറി നഷ്ടമാകാൻ കാരണം ശുഭ്മൻ ഗില്ലോ? ജയിച്ചിട്ടും ക്യാപ്റ്റനെ വിടാതെ ആരാധകർ
Mail This Article
ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിന് സെഞ്ചറി നഷ്ടമായതിൽ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് രൂക്ഷവിമർശനം. 153 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി 53 പന്തുകൾ നേരിട്ട യശസ്വി 93 റൺസാണ് അടിച്ചെടുത്തത്. 13 ഫോറുകളും രണ്ടു സിക്സും താരം ബൗണ്ടറി കടത്തിയിരുന്നു. 39 പന്തുകൾ നേരിട്ട ഗിൽ 58 റണ്‍സെടുത്തു. വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയ്ക്ക് അനായാസം എത്താമെന്നിരിക്കെ ജയ്സ്വാളിനെ സെഞ്ചറി നേടാൻ ഗിൽ അനുവദിക്കണമായിരുന്നെന്നാണ് ഒരു വിഭാഗം ആളുകൾ സമൂഹമാധ്യമത്തിൽ വാദിക്കുന്നത്.
യശസ്വി ജയ്സ്വാളിന് 83 റൺസുള്ളപ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ 23 റൺസായിരുന്നു വേണ്ടിയിരുന്നതെന്നും എന്നാൽ ഗിൽ താരത്തിനു സ്ട്രൈക്ക് നൽകാതെ അര്‍ധ സെഞ്ചറി സ്വന്തമാക്കാനാണു ശ്രമിച്ചതെന്നും ആരാധകർ ‘കണ്ടെത്തി’. ശുഭ്മൻ ഗിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെപ്പോലെയാണെന്നു വരെ വരെ ആരാധകരിൽ ചിലർ ആരോപിച്ചു. പത്തു വിക്കറ്റ് വിജയത്തോടെ സിംബാബ്‍വെയ്ക്കെതിരായ പരമ്പര 3–1ന് ഇന്ത്യ സ്വന്തമാക്കി. ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‍വെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 28 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ പ്രകടനമാണ് സിംബാബ്‍വെയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സിംബാബ്‍വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിലേക്ക് 15.2 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യയെത്തി. സ്കോർ– സിംബാബ്‍വെ: 20 ഓവറിൽ ഏഴിന് 152, ഇന്ത്യ: 15.2 ഓവറിൽ 156. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അര്‍ധ സെഞ്ചറി നേടി.