സഞ്ജുവിന് അർധ സെഞ്ചറി, മുകേഷ് കുമാറിന് നാലു വിക്കറ്റ്; ഇന്ത്യയ്ക്ക് 42 റൺസ് വിജയം
IND VS ZIM, FIFTH T20
Mail This Article
ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ അഞ്ചാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 42 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‍വെ 18.3 ഓവറിൽ 125 റൺസെടുത്തു പുറത്തായി. ജയത്തോടെ പരമ്പര 4–1 എന്ന നിലയിൽ അവസാനിച്ചു. നാലാം ട്വന്റി20 ജയിച്ചതോടെ ഇന്ത്യ നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
സിംബാബ്‍വെയുടെ മറുപടി ബാറ്റിങ്ങിൽ ഓപ്പണർ വെസ്‍ലി മാധവരേയെ മൂന്നാം പന്തിൽ പുറത്താക്കിയാണ് ഇന്ത്യ തുടങ്ങിയത്. തദിവനഷെ മരുമണി (24 പന്തിൽ 27), ഡിയോൺ മയേഴ്‌സ് (32 പന്തിൽ 34), ഫറാസ് അക്രം (13 പന്തിൽ 27) എന്നിവർ മാത്രമാണ് സിംബാബ്‍വെയ്ക്കായി തിളങ്ങിയത്. പവർപ്ലേ ഓവറുകളിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെടുത്ത സിംബാബ്‍വെയ്ക്ക്, 100 തികയ്ക്കാൻ 16.2 ഓവറുകൾ വേണ്ടിവന്നു.
19–ാം ഓവറിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുകേഷ് കുമാറാണ് കളി തീർത്തത്. മുകേഷ് കുമാർ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. 3.3 ഓവറുകളിൽ 22 റൺസാണു താരം വഴങ്ങിയത്. ശിവം ദുബെ രണ്ടു വിക്കറ്റുകളും തുഷാർ ദേശ്പാണ്ഡെ, വാഷിങ്ടൻ സുന്ദർ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
സഞ്ചുവിന് അർധ സെഞ്ചറി, ഇന്ത്യ ആറിന് 167
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റു നഷ്ടത്തിൽ 167 റൺസെടുത്തു. മധ്യനിരയിൽ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 45 പന്തുകൾ നേരിട്ട സഞ്ജു 58 റൺസെടുത്തു. നാലു സിക്സുകളും ഒരു ഫോറുമാണു മലയാളി താരം ബൗണ്ടറി കടത്തിയത്. രണ്ടു സിക്സുകളടിച്ച് തുടങ്ങിയ യശസ്വി ജയ്സ്വാൾ ആദ്യ ഓവറിൽ തന്നെ പുറത്തായി. അഞ്ച് പന്തിൽ 12 റൺസാണ് ജയ്സ്വാൾ നേടിയത്. സിക്കന്ദർ റാസയുടെ പന്തിൽ യശസ്വി ബോൾഡാകുകയായിരുന്നു.
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (14 പന്തിൽ 13), അഭിഷേക് ശർമയും (11 പന്തിൽ 14) വലിയ സ്കോർ കണ്ടെത്താനാകാതെ പുറത്തായി. സഞ്ജു സാംസണും റിയാന്‍ പരാഗും ചേർന്നതോടെ 12.4 ഓവറില്‍ ഇന്ത്യ 100 കടന്നു. 24 പന്തുകൾ നേരിട്ട പരാഗ് 22 റൺസെടുത്തു മടങ്ങി. സ്കോർ 135 ൽ നിൽക്കെ ബ്ലെസിംഗ് മുസറബാനിയുടെ പന്തിൽ തദിവനഷെ മരുമണി ക്യാച്ചെടുത്ത് സഞ്ജു സാംസണെ പുറത്താക്കി. 12 പന്തുകൾ നേരിട്ട ശിവം ദുബെ 26 റൺസെടുത്തു പുറത്തായി. സിംബാബ്‍വെയ്ക്കായി ബ്ലെസിങ് മുസറബാനി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.
ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ/വൈസ് ക്യാപ്റ്റൻ), റിയാൻ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ്, തുഷാർ ദേശ്പാണ്ഡെ, മുകേഷ് കുമാർ
സിംബാബ്‌വെ: വെസ്‌ലി മധേവെരെ, തദിവനഷെ മരുമണി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മയേഴ്‌സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ജോനാഥൻ കാംബെൽ, ഫറാസ് അക്രം, ക്ലൈവ് മദാൻഡെ (വിക്കറ്റ് കീപ്പർ), ബ്രാൻഡൻ മാവുത, റിച്ചാർഡ് നഗാരവ, ബ്ലെസിംഗ് മുസറബാനി