110 മീറ്റർ സിക്സർ, രണ്ടാം ഫിഫ്റ്റി, ട്വന്റി20യിൽ 300 സിക്സ്; റെക്കോർഡുകളുമായി സഞ്ജു റിട്ടേൺസ്– വിഡിയോ
Mail This Article
ഹരാരെ ∙ അവസര നഷ്‌ടങ്ങളുടെയെല്ലാം നിരാശ തീർത്ത് മലയാളി താരം സഞ്ജു സാംസൺ ആഞ്ഞടിച്ചപ്പോൾ സിംബാബ്‍വെയ്ക്കെതിരായ അഞ്ചാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 42 റൺസ് ജയം. .ട്വന്റി20യിലെ തന്റെ രണ്ടാം അർധ സെഞ്ചറി കുറിച്ച സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ (45 പന്തിൽ 58). ട്വന്റി20 ലോകകപ്പിൽ പൂർണമായും റിസർവ് ബെഞ്ചിൽ ഒതുങ്ങേണ്ടിവന്ന സഞ്ജുവിന് ഈ പരമ്പരയിൽ ഇതിനു മുൻപ് 7 പന്തുകൾ മാത്രമാണ് ബാറ്റു ചെയ്യാനായത്.
2022 ജൂണിൽ അയർലൻഡിനെതിരെ ട്വന്റി20യിൽ കന്നി അർധ സെഞ്ചറി നേടിയ സഞ്ജു 2 വർഷത്തിനുശേഷമാണ് രണ്ടാം അർധ സെഞ്ചറിയിലെത്തുന്നത്. സിംബാബ്‍വെയ്ക്കെതിരെ ട്വന്റി20യിൽ അർധ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും ഇന്നലെ സഞ്ജുവിന് സ്വന്തമായി. ട്വന്റി20 കരിയറിൽ അടിച്ച സിക്സറുകളുടെ എണ്ണത്തിൽ 300 കടക്കുകയും ചെയ്തു. ട്വന്റി20യിൽ 300 സിക്സ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. രോഹിത് ശർമ (525), വിരാട് കോലി (416), എം.എസ്.ധോണി (338), സുരേഷ് റെയ്‌ന (325), സൂര്യകുമാർ യാദവ് (322), കെഎൽ രാഹുൽ (311) എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. ഇന്നലെ നാല് സിക്സ്റുകളാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറന്നത്. ഇതിൽ ഒരു സിക്സ് 110 മീറ്റർ ദൂരത്തിലാണ് പോയത്.
മത്സരത്തിൽ, ആദ്യം ബാറ്റു ചെയ്ത് 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയ ഇന്ത്യ സിംബാബ്‍വെയെ 125 റൺസിൽ ഓൾഔട്ടാക്കി. സ്കോർ: ഇന്ത്യ– 20 ഓവറിൽ 6ന് 167. സിംബാബ്‌വെ– 18.3 ഓവറിൽ 125. 5 മത്സര പരമ്പര ഇതോടെ ഇന്ത്യ 4–1ന് സ്വന്തമാക്കി. ഓൾറൗണ്ട് മികവോടെ തിളങ്ങിയ ഇന്ത്യൻ താരം ശിവം ദുബെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. വാഷിങ്ടൻ സുന്ദർ പ്ലെയർ ഓഫ് ദ് സീരീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ പതറി. യശസ്വി ജയ്സ്വാൾ (12), ശുഭ്മൻ ഗിൽ (13), അഭിഷേക് ശർമ (14) എന്നിവരുടെ വിക്കറ്റുകൾ പവർപ്ലേയ്ക്കുള്ളിൽ നഷ്ടമായി. 3ന് 40 എന്ന നിലയിൽനിന്നാണ് സഞ്ജുവിന്റെ രക്ഷാപ്രവർത്തനം ഇന്ത്യയെ കരയറ്റിയത്.
റിയാൻ പരാഗിനൊപ്പം നാലാം വിക്കറ്റിൽ 56 പന്തിൽ 65 റൺസ് നേടി സഞ്ജു ടീമിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. ആദ്യ 25 പന്തിൽ 21 റൺസ് മാത്രം നേടി വിക്കറ്റ് സംരക്ഷിച്ച സഞ്ജു, താളം കണ്ടെത്തിയതോടെ ആക്രമണത്തിലേക്കു തിരിഞ്ഞു. 4 സിക്സും ഒരു ഫോറും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. 18–ാം ഓവറിൽ സഞ്ജു പുറത്തായശേഷം ശിവം ദുബെയുടെ (12 പന്തിൽ 26) ആക്രമണ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോറുയർത്തിയത്.
പരമ്പരയിലെ മറ്റു മത്സരങ്ങളിലേതുപോലെ ഇന്ത്യൻ ബോളാക്രമണത്തിനു മുൻപിൽ തകർന്നുവീഴാനായിരുന്നു ഇത്തവണയും സിംബാബ്‍വെ ബാറ്റർമാരുടെ വിധി. ഡിയോൺ മെയേഴ്സ് പിടിച്ചുനിന്നെങ്കിലും (32 പന്തിൽ 34) പിന്തുണ നൽകാൻ ആളുണ്ടായില്ല. 2 വിക്കറ്റ് നഷ്ടത്തിൽ 59 എന്ന നിലയിലായിരുന്ന സിംബാബ്‍വെ 7 വിക്കറ്റ് നഷ്ടത്തിൽ 94 എന്ന നിലയിലേക്കു വീണു. 22 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത മുകേഷ് കുമാറാണ് സിംബാബ്‍വെയെ തകർത്തത്.