രോഹിതും കോലിയും ബുമ്രയും ലങ്കയിൽ കളിക്കണം, ഒഴിവാക്കില്ലെന്ന് ഗംഭീർ; പറയുന്നതിൽ കാര്യമുണ്ട്!
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പിനു ശേഷം ശ്രീലങ്കയ്ക്കെതിരായ പരമ്പരകൾക്ക് ടീം ഇന്ത്യ ഒരുങ്ങുമ്പോൾ പ്രധാന താരങ്ങൾ കളിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ടീം പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ സീനിയർ താരങ്ങളിൽ ആരൊക്കെ ശ്രീലങ്കയ്ക്കെതിരെ കളിക്കാനിറങ്ങുമെന്നു വ്യക്തത വന്നിട്ടില്ല. അവധി വേണമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, പേസർ ജസ്പ്രീത് ബുമ്ര എന്നിവർ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലങ്കയ്ക്കെതിരായ ഏകദിന മത്സരങ്ങളിൽനിന്ന് മൂവരെയും ഒഴിവാക്കുന്നതിന് പുതിയതായി ചുമതലയേറ്റ പരിശീലകൻ ഗൗതം ഗംഭീറിന് താൽപര്യമില്ല.
വ്യക്തിപരമായ കാരണങ്ങളാല്‍ ഏകദിന മത്സരങ്ങൾ കളിക്കുന്നില്ലെന്ന് ഓൾ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. പാണ്ഡ്യയെ ടീമിൽനിന്ന് ഒഴിവാക്കിയാലും, കോലി, രോഹിത്, ബുമ്ര എന്നിവർ ശ്രീലങ്കയിലേക്കു യാത്ര ചെയ്യണമെന്നാണ് ഗംഭീറിന്റെ നിലപാട്. ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങൾക്കു ശേഷം ടീം ഇന്ത്യയ്ക്ക് ഏറെക്കാലം ഏകദിന മത്സരങ്ങൾ കളിക്കാനില്ല. അതുകൊണ്ടാണ് സീനിയർ താരങ്ങൾ ടീമിനൊപ്പം നിൽക്കണമെന്ന് ഗംഭീർ വാദിക്കുന്നത്.
മൂന്നു താരങ്ങളും ഗംഭീറിന്റെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകകപ്പ് വിജയത്തിനു ശേഷം കുടുംബത്തോടൊപ്പം വിദേശയാത്രയിലാണ് വിരാട് കോലിയും രോഹിത് ശർമയും. ഇന്ത്യയിലെത്തി ലോകകപ്പ് വിജയാഘോഷങ്ങളുടെ ഭാഗമായ കോലി തൊട്ടുപിന്നാലെ ലണ്ടനിലേക്കു പോയിരുന്നു. ലണ്ടനിലുള്ള രോഹിത് ശർമയ്ക്ക് യുഎസിലേക്കും യാത്രയുണ്ടെന്നാണു വിവരം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഓഗസ്റ്റ് ഏഴിനാണ് അവസാനിക്കുന്നത്.
അതിനു ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഏകദിനം കളിക്കുക. അതായത് ലങ്കൻ പര്യടനത്തിനു ശേഷം അഞ്ച് മാസത്തെ ഇടവേളയാണ് ഏകദിന ടീമിനു ലഭിക്കുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു പിന്നാലെ ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിയിലും കളിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് കോലി, രോഹിത്, ബുമ്ര എന്നിവർ ശ്രീലങ്കയിൽ കളിക്കണമെന്ന് ഗംഭീർ ആവശ്യപ്പെടുന്നത്.