ഡുപ്ലെസി പടിയിറങ്ങാൻ ഒരുങ്ങുന്നു, രാഹുൽ ബെംഗളൂരുവിലേക്ക്; ഐപിഎൽ ടീമുകളിൽ വൻ അഴിച്ചുപണി
Mail This Article
ന്യൂഡൽഹി ∙ ഐപിഎൽ ടീം ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ.രാഹുൽ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലേക്കു മാറുമെന്ന് റിപ്പോർട്ട്. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടക താരമായ രാഹുൽ മുൻപ് ബെംഗളൂരുവിനു വേണ്ടി കളിച്ചിട്ടുണ്ട്.
പിന്നാലെ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായ രാഹുൽ, പുതിയ ടീം രൂപീകരിച്ചതോടെ ലക്നൗവിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 3 വർഷത്തേക്കായിരുന്നു ലക്നൗ ടീമുമായി രാഹുലിന്റെ കരാർ. അടുത്ത വർഷത്തോടെ ഇത് അവസാനിക്കും. താരങ്ങളുടെ മെഗാ ലേലവും അടുത്ത വർഷം നടക്കുന്നുണ്ട്. ഇതിനു മുൻപായി മുപ്പത്തിരണ്ടുകാരൻ രാഹുലിനെ ടീമിൽ എത്തിക്കാനാണ് ബെംഗളൂരുവിന്റെ നീക്കം. നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി അടുത്ത സീസണിൽ പടിയിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ക്യാപ്റ്റനായി രാഹുലിനെ ടീമിൽ എത്തിക്കാൻ ബെംഗളൂരു മാനേജ്മെന്റ് ആലോചിക്കുന്നത്.
പന്ത് ചെന്നൈയിലേക്ക്
എം.എസ്.ധോണിക്കു പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സും ചരടുവലിക്കുന്നതായാണ് വിവരം. ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെ ഋതുരാജ് ഗെയ്ക്‌വാദിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ സീസണിൽ ചെന്നൈ ടീം ഇറങ്ങിയത്. എന്നാൽ പ്ലേഓഫിലേക്ക് കടക്കാൻ ചെന്നൈയ്ക്ക് സാധിച്ചിരുന്നില്ല.
ഇതോടെയാണ് ഭാവിയിൽ ധോണിക്കു പകരക്കാരനെന്ന നിലയിൽ പന്തിനെ ടീമിലെത്തിക്കാൻ ചെന്നൈ മാനേജ്മെന്റ് തീരുമാനിച്ചത്. ഡൽഹി ടീം പരിശീലകൻ റിക്കി പോണ്ടിങ് ഒരാഴ്ച മുൻപ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ പന്തും ടീം വിടാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. എന്നാൽ താരക്കൈമാറ്റത്തെ കുറിച്ച് ടീമുകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.