ADVERTISEMENT

പല്ലെക്കലെ (ശ്രീലങ്ക)∙ സ്ഥിരം ക്യാപ്റ്റനായുള്ള സൂര്യകുമാർ യാദവിന്റെ അരങ്ങേറ്റവും പരിശീലകന്റെ റോളിൽ ഗൗതം ഗംഭീറിന്റെ തുടക്കവും വിജയത്തോടെ ‘കളറാക്കി’ ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 43 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ ഇന്നിങ്സ്, 19.2 ഓവറിൽ 179 റൺസിൽ അവസാനിച്ചു. അർധസെഞ്ചറിയുമായി ഓപ്പണർ പാത്തും നിസങ്ക (48 പന്തിൽ 79) തിളങ്ങിയെങ്കിലും ശ്രീലങ്കയ്ക്ക് ജയിക്കാനായില്ല.

ഇന്ത്യയ്ക്കായി റിയാൻ പരാഗ് മൂന്നു വിക്കറ്റും അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒരുഘട്ടത്തിൽ, 139–1 എന്ന നിലയിൽനിന്നാണ് 170 റൺസിന് ലങ്ക ഓൾഔട്ടായത്. 15–ാം ഓവറിൽ മിന്നും ഫോമിൽ കളിച്ച നിസങ്കയുടെ ഉൾപ്പെടെ രണ്ടു വിക്കറ്റ് വീഴ്ത്തി അക്ഷർ പട്ടേലാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ലങ്കയുടെ പതനം പൂർത്തിയാകുകയായിരുന്നു.

∙ ക്യാപ്റ്റൻ സൂര്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (26 പന്തിൽ 58), ഋഷഭ് പന്ത് (33 പന്തിൽ 49). യശ്വസി ജയ്‍‌സ്വാൾ (21 പന്തിൽ 40), ശുഭ്മാൻ ഗിൽ (16 പന്തിൽ 34) എന്നിവരാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. ഓപ്പണർമാരായ ജയ്‌സ്വാളും ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. പവർപ്ലേ അവസാനിക്കുന്നതിന്റെ അവസാന പന്തിൽ ഗിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 74ൽ എത്തിയിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ ജയ്‌സ്വാളിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.

ഹാർദിക് പാണ്ഡ്യയയും സൂര്യകുമാർ യാദവും
ഹാർദിക് പാണ്ഡ്യയയും സൂര്യകുമാർ യാദവും

പിന്നീട് ഒന്നിച്ച സൂര്യകുമാർ യാദവ്– പന്ത് സഖ്യം മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് കൂട്ടിച്ചേർത്തു. രണ്ടു സിക്സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ‘ക്യാപ്റ്റൻ’ ഇന്നിങ്സ്. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ (9), റിയാൻ പരാഗ് (7), റിങ്കു സിങ് (10) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ശ്രീലങ്കയ്ക്കായി മതീഷ പതിരാന നാല് വിക്കറ്റ് വീഴ്ത്തി. ദിൽശൻ മധുശങ്ക, അസിത് ഫെർ‌ണാ‍ണ്ടോ, വനിഡു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

∙ സഞ്ജു ഇല്ല

ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിന് ടോസ് നഷ്ടം. ടോസ് നേടിയ ശ്രീലങ്ക, ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിശീലകനായി ഗൗതം ഗംഭീറിന്റെയും ആദ്യ മത്സരമാണിത്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇല്ല. ഗിൽ– യശസ്വി ജയ്സ്വാൾ സഖ്യം ഓപ്പണർമാരായി. മൂന്നാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാറും നാലാം നമ്പറിൽ ഋഷഭ് പന്തും കളിച്ചു. ഹാർദിക് പാണ്ഡ‍്യ, റിയാൻ പരാഗ്, റിങ്കു സിങ്, അക്ഷർ പട്ടേൽ എന്നിവരും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.

English Summary:

Sri Lanka vs India, 1st T20I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com