പന്തിനെ പുറത്തിരുത്തി വീണ്ടും അവസരം, ബാറ്റിങ്ങിൽ ഇഷ്ട പൊസിഷനും; എന്നിട്ടും നിരാശപ്പെടുത്തി സഞ്ജു
Mail This Article
പല്ലെക്കലെ∙ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ പുറത്തായി ‘ഗോൾഡൻ ഡക്ക്’ ആയ സഞ്ജു, ഇത്തവണ നാലു പന്ത് നേരിട്ട് ‘ഡക്കി’ന് പുറത്തായി. ഋഷഭ് പന്തിന് വിശ്രമം നൽകി സഞ്ജുവിന് അവസരം ഉറപ്പാക്കിയെങ്കിലും, ഇത്തവണയും താരത്തിന് അത് മുതലാക്കാനാകാതെ പോയത് ആരാധകർക്കും നിരാശയായി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അവർ ഈ നിരാശ പ്രകടിപ്പിക്കുന്നുമുണ്ട്.
മഴമൂലം ഒരു മണിക്കൂറോളം വൈകി ആരംഭിച്ച മൂന്നാം ട്വന്റി20യിൽ, ശ്രീലങ്ക ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പര സ്വന്തമാക്കിയ സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ഋഷഭ് പന്ത്, അർഷ്ദീപ് സിങ് എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്ക് ടീം മാനേജ്മെന്റ് ഈ മത്സരത്തിൽ അവസരം നൽകിയത്.
കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി എത്തിയെങ്കിലും തിളങ്ങാനാകാതെ പോയതോടെ, ശുഭ്മൻ ഗിൽ പരുക്കുമാറി തിരിച്ചെത്തുമ്പോൾ മൂന്നാം ട്വന്റി20യിൽ സഞ്ജുവിന് അവസരം ലഭിക്കില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ഋഷഭ് പന്തിനെ വിശ്രമിക്കാൻ വിട്ട് പകരം സഞ്ജുവിന് വിക്കറ്റ് കീപ്പറുടെ അധിക ചുമതല കൂടി നൽകാനായിരുന്നു പരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും തീരുമാനം.
തുടർച്ചയായ രണ്ടാം മത്സരത്തിലും താരത്തിന് അവസരം മുതലെടുക്കാനായില്ല. ഇത്തവണ സഞ്ജുവിന് ഏറെ പ്രിയപ്പെട്ട വൺഡൗൺ പൊസിഷനിലാണ് അവസരം നൽകിയത് എന്നതും ഗുണകരമായില്ല. ചാമിന്ദു വിക്രമസിംഗെയുടെ പന്തിൽ ഡീപ് പോയിന്റിൽ വാനിന്ദു ഹസരംഗയ്ക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു സഞ്ജുവിന്റെ മടക്കം.