താരങ്ങളുടെ ആ തന്ത്രം നടക്കില്ല, വിറ്റുപോയ ശേഷം കളിച്ചില്ലെങ്കിൽ രണ്ടു വർഷം വിലക്കണമെന്ന് ആവശ്യം
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ പങ്കെടുത്ത ശേഷം കാര്യമായ വിശദീകരണങ്ങളൊന്നും നൽകാതെ ടൂർണമെന്റിൽനിന്നു പിൻവാങ്ങുന്ന വിദേശ താരങ്ങളെ കുരുക്കാനുറച്ച് ഫ്രാഞ്ചൈസികൾ. ഇത്തരം ‘ഉഴപ്പൻ’ സമീപനം സ്വീകരിക്കുന്ന താരങ്ങളെ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിലക്കണമെന്ന് ഐപിഎൽ ടീമുകൾ സംഘാടകരോട് ആവശ്യപ്പെട്ടു. പരുക്കുകളോ, കുടുംബവുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങളോ, രാജ്യാന്തര മത്സരങ്ങളോ കാരണങ്ങളായി ബോധിപ്പിക്കാത്ത താരങ്ങൾക്കെതിരെ കടുത്ത നടപടികൾ വേണ്ടിവരുമെന്നാണു ടീമുകളുടെ നിലപാട്.
ലേലത്തിൽ കുറഞ്ഞ തുകയ്ക്കു വിറ്റുപോയാൽ പല വിദേശ താരങ്ങളും വിശദീകരണങ്ങളൊന്നും നൽകാതെ ഐപിഎല്ലിൽനിന്നു പിൻവാങ്ങുന്നതായാണ് ടീമുകളുടെ പരാതി. വലിയ തുക ലക്ഷ്യം വച്ച് ചില വിദേശ താരങ്ങൾ മിനി ലേലത്തിൽ മാത്രം പങ്കെടുക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. മെഗാ ലേലത്തിൽ പങ്കെടുക്കാതെ പല താരങ്ങളും മിനി ലേലത്തിനായി കാത്തിരിക്കുകയാണെന്നാണ് ടീമുകളുടെ കണ്ടെത്തൽ. മിനി ലേലത്തിൽ താരതമ്യേന കൂടുതൽ വില ലഭിക്കുമെന്നതാണ് ഇതിനു കാരണം. വിദേശ താരങ്ങളുടെ ഇത്തരം തന്ത്രങ്ങൾക്കു വഴങ്ങിക്കൊടുക്കരുതെന്നും ഫ്രാഞ്ചൈസികൾ ബിസിസിഐ വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടു.
വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് ലേലത്തിൽ വിറ്റുപോയ വിദേശ താരങ്ങൾ ഐപിഎൽ സീസണിൽനിന്നു പലപ്പോഴും പിൻവാങ്ങുന്നത്. വിദേശതാരങ്ങളെ മനസ്സിൽവച്ച് ഉണ്ടാക്കിയ തന്ത്രങ്ങളെല്ലാം ഇതോടെ പാഴാകുമെന്നാണ് ടീമുകളുടെ ആശങ്ക. വിദേശതാരങ്ങൾ പെട്ടെന്നു പിൻവാങ്ങുമ്പോൾ പകരക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്നും ടീമുകൾ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ലേലത്തിൽ അടിസ്ഥാന വിലയ്ക്കു വിറ്റുപോയ ഒരു താരത്തിന്റെ മാനേജർ, ഫ്രാഞ്ചൈസി ഉടമകളെ വിളിച്ച് കൂടുതൽ തുക നല്‍കിയാൽ കളിക്കാൻ വരാമെന്ന് പറഞ്ഞത് ടീമുകള്‍ ചൂണ്ടിക്കാട്ടി. 2018 മുതൽ കഴിഞ്ഞ സീസൺ വരെ ഈ ശീലം വളരെയേറെ വർധിച്ചതായാണു കണ്ടെത്തൽ. പുതിയ താരങ്ങൾ മിനി ലേലത്തിനായി കാത്തിരിക്കുന്നതു മനസ്സിലാക്കാമെന്നും, എന്നാൽ പ്രധാനപ്പെട്ട വിദേശ താരങ്ങളും ഇതേ ശീലം തുടങ്ങിയതായും ടീമുകൾ വ്യക്തമാക്കി.