ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനാകാൻ ദ്രാവിഡ്?; നിർദ്ദേശവുമായി മുൻ ഇംഗ്ലണ്ട് നായകൻ
Mail This Article
ലണ്ടൻ∙ മുൻ ഇന്ത്യൻ നായകനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡ് ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനാകുമോ? നിലവിലെ പരിശീലകൻ മാത്യു മോട്ട് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് മുൻ ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ നിർദ്ദേശിച്ച പേരുകളിൽ ആദ്യത്തേത് രാഹുൽ ദ്രാവിഡിന്റേതാണ്. ഇന്ത്യൻ പരിശീലക സ്ഥാനമൊഴിഞ്ഞതിനാൽ, ദ്രാവിഡ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകുന്നത് നന്നായിരിക്കുമെന്നാണ് മോർഗന്റെ നിർദ്ദേശം. ‘സ്കൈ സ്പോർട്സി’നു നൽകിയ അഭിമുഖത്തിലാണ് മോർഗൻ ദ്രാവിഡിന്റെ പേരു മുന്നോട്ടു വച്ചത്.
‘എന്റെ കാഴ്ചപ്പാടിൽ രാഹുൽ ദ്രാവിഡ്, റിക്കി പോണ്ടിങ്, സ്റ്റീഫൻ ഫ്ലെമിങ്, ബ്രണ്ടൻ മക്കല്ലം എന്നിവരാണ് ഇംഗ്ലണ്ട് പരിശീലകരാകാൻ നല്ലത്. നിലവിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളെന്ന നിലയിലാണ്, ടെസ്റ്റ് ടീം പരിശീലകനായ ബ്രണ്ടൻ മക്കല്ലത്തിന്റെ പേര് ഞാൻ ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലക സ്ഥാനത്തേക്കും നിർദ്ദേശിക്കുന്നത്’– മോർഗൻ പറഞ്ഞു.
വളർന്നു വരുന്ന ഒട്ടേറെ താരങ്ങളുള്ള ടീമാണ് ഇംഗ്ലണ്ട് എന്നും മോർഗൻ ചൂണ്ടിക്കാട്ടി. ‘‘യുവതാരങ്ങൾ ഒട്ടേറെയുള്ള, ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇംഗ്ലണ്ട് എന്നതു മറക്കരുത്. അതുകൊണ്ട് പരിശീലക ജോലിക്കും ഏറ്റവും മികച്ചയാളെത്തന്നെ കണ്ടെത്തണം. ലോകത്ത് ഏറ്റവും മികച്ചവരായി പരിഗണിക്കപ്പെടുന്ന പരിശീലകരെത്തന്നെ സമീപിക്കണം’ – മോർഗൻ പറഞ്ഞു.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ ദ്രാവിഡ് ഐപിഎലിലേക്കു മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായി ദ്രാവിഡ് എത്തിയേക്കുമെന്നാണ് വിവരം.
ഏകദിന ലോകകപ്പിനു പിന്നാലെ ട്വന്റി20 ലോകകപ്പിലും ടീം നിരാശപ്പെടുത്തിയതോടെയാണ് ഇംഗ്ലിഷ് ടീം പരിശീലകനായിരുന്ന മോട്ട് പിൻമാറിയത്. കരാർ കാലാവധി തീരാൻ 2 വർഷം കൂടി ബാക്കിനിൽക്കെയായിരുന്നു അൻപതുകാരനായ മോട്ടിന്റെ പടിയിറക്കം. 2022ൽ മോട്ടിനു കീഴിലായിരുന്നു ടീം ട്വന്റി20 ലോകകപ്പ് ജേതാക്കളായത്. പുതിയ പരിശീലകൻ എത്തുന്നതുവരെ സഹപരിശീലകൻ മാർക്കസ് ട്രസ്കോത്തിക്കിനാണ് ടീമിന്റെ ചുമതല.