കോലിയും രോഹിത്തും എന്തുകൊണ്ട് ദുലീപ് ട്രോഫി കളിക്കുന്നില്ല? വിമർശനവുമായി മുൻ ഇന്ത്യൻ താരം
Mail This Article
ന്യൂഡൽഹി∙ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിൽ വിമർശനവുമായി സുനിൽ ഗാവസ്കർ. അടുത്ത മാസം തുടങ്ങുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ നാലു ടീമുകളിലായി ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ, ശുഭ്മന്‍ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾ കളിക്കുന്നുണ്ട്. എന്നാൽ രോഹിത് ശർമയും വിരാട് കോലിയും കളിക്കുന്നില്ല. ഇതാണ് ഗാവസ്കറുടെ വിമർശനത്തിനു കാരണം. ജസ്പ്രീത് ബുമ്ര, ആർ. അശ്വിൻ എന്നിവരെയും ബിസിസിഐ ദുലീപ് ട്രോഫി ടീമുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത്തിനും കോലിക്കും പരിശീലനമൊന്നുമില്ലാതെ ഇറങ്ങേണ്ടിവരുമെന്നാണ് ഗാവസ്കറുടെ പരാതി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് ഇരുവരും അവസാനം കളിച്ചത്. ‘‘സിലക്ടർമാർ രോഹിത്തിനെയും വിരാട് കോലിയെയും ദുലീപ് ട്രോഫി കളിപ്പിക്കുന്നില്ല. ആവശ്യത്തിനു പരിശീലനം ലഭിക്കാതെയായിരിക്കും അവർ ഇനി ബംഗ്ലദേശിനോടു കളിക്കുക. ജസ്പ്രീത് ബുമ്രയുടെ കാര്യത്തിൽ ജോലിഭാരമുള്ളതു മനസ്സിലാക്കാൻ സാധിക്കും. മുപ്പതുകളുടെ മധ്യത്തിലുള്ള ഏതൊരു താരവും തിളങ്ങണമെങ്കിൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കണം.’’– ഗാവസ്കർ പ്രതികരിച്ചു.
സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് 27ന് കാൻപുരിൽ നടക്കും. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും നിലവിൽ വിശ്രമത്തിലാണ്. കുടുംബത്തോടൊപ്പം ലണ്ടനിലാണു കോലിയുള്ളത്. ബംഗ്ലദേശ് പരമ്പരയ്ക്കുള്ള സ്ക്വാഡിലുള്ള താരങ്ങളെ ദുലീപ് ട്രോഫി മത്സരങ്ങളിൽനിന്ന് ഒഴിവാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.