മനുഷ്യനായി ജനിച്ചതിൽ നാണക്കേട്, സ്നേഹിക്കുന്നവർക്കു ഭാരമായി തോന്നി: വെളിപ്പെടുത്തി ഇന്ത്യൻ താരം
Mail This Article
ന്യൂഡൽഹി∙ വിഷാദ രോഗത്തിലൂടെ കടന്നുപോയ കാലത്തെക്കുറിച്ചു വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. മാനസിക ആരോഗ്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായം ലഭിക്കണമെന്നും ഉത്തപ്പ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. വിഷാദ രോഗം കാരണം ക്രിക്കറ്റ് കരിയറിൽ ഗ്രൗണ്ടിലുണ്ടായിരുന്ന വെല്ലുവിളികളേക്കാൾ വലുതാണു നേരിടേണ്ടിവന്നതെന്ന് ഉത്തപ്പ പ്രതികരിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഉടൻ തന്നെ സഹായം തേടണമെന്നും ഉത്തപ്പ വ്യക്തമാക്കി.
‘‘ഗ്രഹാം തോർപ്പിന്റെയും ഡേവിഡ് ജോൺസന്റെയും കാര്യം നമ്മൾ കേട്ടതാണ്. നിങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരു ഭാരമാണെന്നു നിങ്ങൾക്കു തോന്നിത്തുടങ്ങും. അതു വെല്ലുവിളികൾ നിറഞ്ഞതാണ്. നിങ്ങളെക്കൊണ്ട് ഒരു കാര്യവുമില്ലെന്ന ചിന്തയാകും. ഞാനൊരു മനുഷ്യനായി ജനിച്ചതിൽ 2011ൽ എനിക്ക് വലിയ ലജ്ജ തോന്നിയിരുന്നു. അടുത്തതായി എന്തു ചെയ്യണം എന്നുപോലും അറിയാത്ത അവസ്ഥ.’’– ഉത്തപ്പ വ്യക്തമാക്കി.
2007 ൽ ട്വന്റി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഉത്തപ്പ. 38 വയസ്സുകാരനായ ഉത്തപ്പ 2015ലാണ് ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചത്. ഏകദിന ക്രിക്കറ്റിൽ ആറ് അർധ സെഞ്ചറികളും ട്വന്റി20യില്‍ ഒരു അർധ സെഞ്ചറിയും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരള ടീമിനു വേണ്ടിയും കളിച്ചു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളുടെ ഭാഗമായിരുന്നു.