കേരള ക്രിക്കറ്റ് ലീഗിന്റെ മത്സരക്രമം പ്രഖ്യാപിച്ചു; എല്ലാ മത്സരങ്ങളും തിരുവനന്തപുരത്ത്, സെപ്റ്റംബർ 3 മുതൽ 18 വരെ
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) സംഘടിപ്പിക്കുന്ന പ്രഥമ പ്രഫഷനൽ ക്രിക്കറ്റ് ലീഗായ കെസിഎലിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് 6.45ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം 7.45ന് ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിലാണ് രണ്ടാം മത്സരം. ട്വന്റി20 ലീഗിലെ മറ്റു ദിവസങ്ങളിലെ രണ്ടാമത്തെ മത്സരം വൈകിട്ട് 6.45 മുതലാണ്.
തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിന്റെ ആദ്യ റൗണ്ടിൽ 6 ടീമുകളും 2 തവണ വീതം പരസ്പരം മത്സരിക്കും. ആദ്യ റൗണ്ടിലെ പോയിന്റ് നിലയിൽ ഒന്നും നാലും സ്ഥാനക്കാരും രണ്ടും മൂന്നും സ്ഥാനക്കാരും തമ്മിലുള്ള സെമി ഫൈനൽ 17ന് നടക്കും. 18ന് 6.45നാണ് ഫൈനൽ. ആകെ 33 മത്സരങ്ങളാണുള്ളത്. കാണികൾക്കു പ്രവേശനം സൗജന്യമാണ്. മത്സരങ്ങളെല്ലാം സ്റ്റാർ സ്പോർട്സ് 1 ചാനലിലും ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
ടീമുകളുടെ പരിശീലനം തുടങ്ങി. 31ന് ആണ് ലീഗ് ലോഞ്ചിങ് ചടങ്ങ്. ടീമിലെ താരങ്ങൾക്കൊപ്പം ലീഗ് അംബാസഡറായ നടൻ മോഹൻലാലും പങ്കെടുക്കും. ജേതാക്കൾക്കു 30 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയുമാണ് സമ്മാനം. 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.