ബോളറായ മിലൻ ബാറ്റിങ്ങിൽ ലങ്കയുടെ ‘ശ്രീ’; അരങ്ങേറ്റത്തിൽ ഇന്ത്യൻ താരത്തിന്റെ 41 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു
Mail This Article
ലണ്ടൻ∙ ബോളറായി ടീമിൽ ഉൾപ്പെടുത്തിയ താരം അരങ്ങേറ്റ ടെസ്റ്റിൽ ബാറ്റിങ്ങിൽ ടീമിന്റെ രക്ഷകനാകുന്നു. ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തിൽ വാലറ്റത്ത് മികച്ച ബാറ്റിങ് കെട്ടഴിച്ച് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്കു നയിക്കുന്നു. രണ്ട് അർധസെഞ്ചറി കൂട്ടുകെട്ടുകളിൽ പങ്കാളിയാകുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഏതൊരു ഫോർമാറ്റിലുമായി തന്റെ ഉയർന്ന സ്കോർ കുറിച്ച്, നാലു പതിറ്റാണ്ടിലധികമായി ഒരു ഇന്ത്യൻ താരം കൈവശം വച്ചിരുന്ന റെക്കോർഡും തകർക്കുന്നു! – ശ്രീലങ്കൻ താരമായ മിലൻ പ്രിയനാഥ് രത്‌നായകെ എന്ന ഇരുപത്തെട്ടുകാരനെ രാജ്യാന്തര ക്രിക്കറ്റിൽ അടയാളപ്പെടുത്താൻ ഇതിൽ കൂടുതൽ എന്തു വേണം!
ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് ഓൾഡ് ട്രാഫോഡിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയുടെ ‘ശ്രീ’ ആയിരിക്കുന്നു മിലൻ രത്‌നായകെ! മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 74 ഓവറിൽ 236 റൺസിന് എല്ലാവരും പുറത്താകുമ്പോൾ മിലന്റെ സംഭാവന 72 റൺസ്. ഇതിൽ ആറു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നു. 74 റൺസെടുത്ത ക്യാപ്റ്റൻ ധന‍്ഞ്ജയ ഡിസിൽവ കഴിഞ്ഞാൽ ശ്രീലങ്കയുടെ ടോപ് സ്കോററും മിലൻ തന്നെ.
ഇംഗ്ലിഷ് ബോളിങ്ങിനു മുന്നിൽ തകർന്ന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിൽ നിൽക്കെയാണ് അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന മിലൻ ക്രീസിലെത്തുന്നത്. മറുവശത്ത് കൂട്ടിന് ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ. എട്ടാം വിക്കറ്റിൽ ക്യാപ്റ്റനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ആദ്യ രക്ഷാപ്രവർത്തനം. 63 റൺസ് കൂട്ടുകെട്ടിനു പിന്നാലെ ക്യാപ്റ്റൻ മടങ്ങിയെങ്കിലും, വാലറ്റത്ത് വിശ്വ ഫെർണാണ്ടോയെ കൂട്ടുപിടിച്ച് അടുത്ത അർധസെഞ്ചറി കൂട്ടുകെട്ട്. ഇത്തവണ കൂട്ടിച്ചേർത്തത് 50 റൺസ്.
ഒടുവിൽ ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ച് പുറത്താകുമ്പോൾ മിലന്റെ സമ്പാദ്യം 135 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 72 റൺസ്! ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതിനകം 40 മത്സരങ്ങൾ കളിച്ച താരത്തിന്റെ ഉയർന്ന സ്കോർ 59 റൺസ്. 45 ലിസ്റ്റ് എ മത്സരങ്ങളിലെ ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 24 റൺസ്. ട്വന്റി20യിൽ 22 മത്സരങ്ങൾ കളിച്ചപ്പോൾ ഉയർന്ന സ്കോർ 16! തന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിനായി കാത്തുവച്ചിരുന്നോയെന്ന് സംശയിച്ചാൽ അതിശയോക്തിയില്ല!
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യദിനം വെളിച്ചക്കുറവു നിമിത്തം നേരത്തെ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 22 റൺസ് എന്ന നിലയിലാണ്. ബെൻ ഡക്കറ്റ് (12 പന്തിൽ 13), ഡാനിയൽ ലോറൻസ് (12 പന്തിൽ 9) എന്നിവർ ക്രീസിൽ.
ഇതിനിടെ മിലൻ റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിൽ ഒരു ഒൻപതാം നമ്പറുകാരന്റെ ഉയർന്ന സ്കോറാണ് മിലൻ നേടിയ 72 റൺസ്. പിന്നിലാക്കിയത് 41 വർഷം മുൻപ്, 1983ൽ പാക്കിസ്ഥാനെതിരെ ഹൈദരാബാദിൽ ഇന്ത്യൻ താരം ബൽവീന്ദർ സന്ധു നേടിയ 71 റൺസിന്റെ റെക്കോർഡ്. ഇംഗ്ലണ്ടിന്റെ ഡാരൻ ഗഫ്, 1994ൽ ന്യൂസീലൻഡിനെതിരെ മാഞ്ചസ്റ്ററിൽ നേടിയ 65 റൺസ് മൂന്നാം സ്ഥാനത്തായി.