പാഡഴിച്ച് ‘ഗബ്ബർ’ ; ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Mail This Article
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്. തന്റെ കരിയറിൽ ഉടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച 38 കാരനായ ധവാൻ, സമൂഹ മാധ്യമങ്ങൾ വഴിയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആരാധകർക്കായി ഒരു നീണ്ട വിഡിയോ സന്ദേശവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
‘‘തന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്!’’, ശിഖർ ധവാൻ എക്സിൽ കുറിച്ചു.
34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിന മത്സരങ്ങളും 68 ട്വന്റി 20 മത്സരങ്ങളും ഈ ഇടംകയ്യൻ ബാറ്റ്സ്മാൻ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ 24 സെഞ്ചുറികളും 55 അർധ സെഞ്ചുറികളും രാജ്യത്തിനായി ധവാൻ കുറിച്ചു. 2010ൽ ഓസ്ട്രേലിയക്കെതിരായ ഏകദിന ടൂർണമെന്റില്‍ ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ അരങ്ങേറ്റം കുറിച്ചു. പഞ്ചാബ് കിങ്സ് താരമായ ശിഖർ ഐപിഎല്ലിൽ തുടർന്ന് കളിച്ചേക്കുമെന്നാണ് സൂചന.