‘ഇന്ത്യയെ 10 വിക്കറ്റിനു തോൽപ്പിച്ച ടീം രണ്ടര വർഷം പിന്നിടുമ്പോൾ ബംഗ്ലദേശിനോട് 10 വിക്കറ്റിന് തോറ്റു’: എന്തു സംഭവിച്ചെന്ന് ഇമ്രാൻ
Mail This Article
ഇസ്‍ലാമാബാദ്∙ ബംഗ്ലദേശിനെതിരെ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാൻ ടെസ്റ്റിൽ തോൽവി വഴങ്ങിയതിനു പിന്നാലെ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ (പിസിബി) രൂക്ഷ വിമർശനവുമായി മുൻ താരവും പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ രംഗത്ത്. ടീമിന്റെ മോശം പ്രകടനത്തിനു കാരണം പിസിബിയുടെ തെറ്റായ നയങ്ങളും തീരുമാനങ്ങളുമാണെന്ന് ഇമ്രാൻ ഖാൻ പരോക്ഷ വിമർശനമുന്നയിച്ചു.
രണ്ടര വർഷം മുൻപ് ഇതേ ടീം ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതാണ്. അതേ ടീം, ഇന്ന് ബംഗ്ലദേശിനോട് 10 വിക്കറ്റ് തോൽവി വഴങ്ങിയത് ക്രിക്കറ്റ് ഭരണരംഗത്തെ ആളുകളുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് ഇമ്രാൻ ഖാന്റെ വിമർശനം.
‘‘ഈ രാജ്യം ഇത്ര താൽപര്യത്തോടെ ടിവിയിൽ ഉൾപ്പെടെ കാണുന്ന ഒരു കായികയിനം ക്രിക്കറ്റ് അല്ലാതെ വേറൊന്നില്ല. ഭരണരംഗത്തെ സ്വാധീനം നിലനിർത്തുന്നതിന് യോഗ്യതയില്ലാത്ത, സ്വജനപക്ഷപാതം നടത്തുന്ന ആളുകളെ നിർണായക സ്ഥാനങ്ങളിൽ കൊണ്ടിരുത്തി ഒരു വിഭാഗം ആളുകൾ അതുപോലും നശിപ്പിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി നമ്മൾ ലോകകപ്പിൽ ആദ്യ നാലു സ്ഥാനക്കാരിലോ, ട്വന്റി20 ലോകകപ്പിൽ ആദ്യ എട്ടിലോ ഉൾപ്പെടാതെ പോയി. അതും പോരാതെ, കഴിഞ്ഞ ദിവസം ബംഗ്ലദേശിനോട് ആദ്യമായി നാണംകെട്ട തോൽവി വഴങ്ങി.
‘‘ഏതാണ്ട് രണ്ടര വർഷം മുൻപ്, ഇതേ ടീം ഇന്ത്യയെ ട്വന്റി20 ലോകകപ്പിൽ 10 വിക്കറ്റിനു തോൽപ്പിച്ചിരുന്നു. അതിനുശേഷം രണ്ടര വർഷം കൊണ്ട് ബംഗ്ലദേശ് പോലൊരു ടീമിനോട് 10 വിക്കറ്റിനു തോൽക്കാൻ മാത്രം എന്താണ് ഇവിടെ സംഭവിച്ചത്? ഈ തോൽവിയുടെയെല്ലാം ഉത്തരവാദിത്തം ഒരേയൊരു പ്രസ്ഥാനത്തിനു മാത്രമാണ്’ – ഇമ്രാൻ ഖാൻ എക്സിൽ കുറിച്ചു.
ഈ തോൽവിയോടെ, സ്വന്തം മണ്ണിൽ പാക്കിസ്ഥാൻ ജയം നേടാതെ പോകുന്ന തുടർച്ചയായ ഒൻപതാം ടെസ്റ്റാണ് കഴിഞ്ഞുപോയത്. ഇതിനു മുൻപ് സ്വന്തം മണ്ണിൽ പാക്കിസ്ഥാൻ ഒരു ടെസ്റ്റ് ജയിച്ചത് 2021 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. അതിനുശേഷം പാക്കിസ്ഥാന് സ്വന്തം നാട്ടിൽ ജയിക്കാനായിട്ടില്ല. ഇതിനിടെ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ 3–0ന്റെ സമ്പൂർണ തോൽവി വഴങ്ങി. ന്യൂസീലൻഡിനെതിരായ മത്സരങ്ങൾ സമനിലയിലായി.