‘പാതിരാത്രി കതകിൽ മുട്ടിയ നടൻ തുടർന്നും ദ്രോഹിച്ചു, സഹായിച്ചത് മോഹൻലാൽ’: ഭാര്യയെ പിന്തുണച്ച് മുൻ ഐപിഎൽ താരം
Mail This Article
കോട്ടയം∙ ‘ചൈനാ ടൗൺ’ എന്ന സിനിമയിൽനിന്ന് തന്നെ വിലക്കാൻ ഒരു പ്രമുഖ നടൻ ശ്രമിച്ചെന്നും മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ട് അതു തടഞ്ഞെന്നും വെളിപ്പെടുത്തിയ ഡോ. ശിവാനി ഭായി, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഉൾപ്പെടെ മലയാളത്തിന്റെ അഭിമാനമായി മാറിയ മുൻ ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യ. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് തനിക്ക് ദുരനുഭവമാകേണ്ടിയിരുന്ന സംഭവം മോഹൻലാൽ ഉൾപ്പെടെ ഇടപെട്ട് നല്ല അനുഭവമാക്കി മാറ്റിയതായി ഡോ. ശിവാനി വെളിപ്പെടുത്തിയത്.
ദുരനുഭവങ്ങൾ തുറന്നുപറയുന്നവരെ കുറച്ചു കാണിക്കാനല്ല, ഇങ്ങനെയുള്ള അനുഭവങ്ങളും മലയാള സിനിമയിൽനിന്ന് ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരെയും അറിയിക്കാനാണ് ഡോ.ശിവാനി ഇക്കാര്യം തുറന്നു പറഞ്ഞതെന്ന് പ്രശാന്ത് പരമേശ്വരൻ മനോരമ ഓൺലൈനോട് പ്രതികരിച്ചു.
‘‘കർമയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. നല്ലതു ചെയ്താൽ അവരിലേക്ക് അതിന്റെ ഫലങ്ങൾ പിന്നീടും വന്നു ചേരും. മോശമായി പ്രവർത്തിച്ചാൽ അതിന്റെ അനന്തര ഫലങ്ങളും കാലക്രമത്തിൽ വന്നു ഭവിക്കും. സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ നേരിട്ട ഒട്ടേറെപ്പേരുണ്ടാകും. അവരിൽ, കാര്യങ്ങൾ തുറന്നു പറയാൻ വേണ്ടപ്പെട്ടവരുടെ പിന്തുണ ലഭിച്ചവർ ചിലപ്പോൾ കുറവായിരിക്കും. മലയാള സിനിമയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറയുന്നവരുണ്ടാകും. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, എന്റെ ഭാര്യയ്ക്കുണ്ടായ അനുഭവങ്ങളാണ് അവർ പറഞ്ഞത്’’ – പ്രശാന്ത് പരമേശ്വരൻ പറഞ്ഞു.
2007 മുതൽ 2015 വരെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്ന പ്രശാന്ത് പരമേശ്വരൻ, നിലവിൽ കേരള ക്രിക്കറ്റ് ലീഗിന് തയാറെടുക്കുന്ന ആലപ്പുഴ റിപ്പിൾസ് ടീമിന്റെ മുഖ്യ പരിശീലകനാണ്. ഐപിഎലിൽ കേരള ടസ്കേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഐപിഎൽ അരങ്ങേറ്റത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനം പ്രശാന്തിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിക്കൊടുത്തു. മത്സരത്തിൽ ഡൽഹി ക്യാപ്റ്റൻ വീരേന്ദർ സേവാഗിന്റെ വിക്കറ്റ് പ്രശാന്താണ് വീഴ്ത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 33 മത്സരങ്ങളും ലിസ്റ്റ് എ വിഭാഗത്തിൽ 39 മത്സരങ്ങവും ട്വന്റി20യിൽ 30 മത്സരങ്ങളുമാണ് പ്രശാന്ത് പരമേശ്വരന്റെ പേരിലുള്ളത്. 75 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 62 ലിസ്റ്റ് എ വിക്കറ്റുകളും 33 ട്വന്റി20 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു തവണയും ലിസ്റ്റ് എ ക്രിക്കറ്റിൽ രണ്ടു തവണയും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഐപിഎലിൽ എട്ടു മത്സരങ്ങളിൽനിന്ന് ഒൻപതു വിക്കറ്റുകൾ സ്വന്തമാക്കി.
സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം പരിശീലക ജോലിയിലേക്കു മാറിയ പ്രശാന്ത്, തമിഴ്നാട് പ്രിമിയർ ലീഗിൽ രണ്ടു സീസണുകളിൽ ബോളിങ് പരിശീലകനായി ജോലി ചെയ്തു. ഇതിനു പിന്നാലെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ കന്നി സീസണിൽ, ആലപ്പുഴ റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്.
‘ചൈന ടൗൺ’ എന്ന സിനിമയിൽനിന്ന് വിലക്കാൻ ഒരു നടൻ അന്യായമായി ശ്രമിച്ചെങ്കിലും, മോഹൻലാൽ ഉൾപ്പെടെ ഇടപെട്ട് ആ വേഷം തനിക്കു തന്നെ തന്നതായി ഡോ. ശിവാനി വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ലൊക്കേഷനിൽവച്ച് തന്റെ മുറിയുടെ വാതിലിൽ മുട്ടിയ നടനായിരുന്നു വിലക്കാനുള്ള ശ്രമത്തിനു പിന്നിൽ. ആരോപണ വിധേയനായ റിയാസ് ഖാൻ ഉൾപ്പെടെയുള്ള നടൻമാരിൽനിന്ന് തനിക്ക് നല്ല അനുഭവങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഡോ. ശിവാനി വിശദീകരിച്ചിരുന്നു.