വിരമിക്കുന്നതിനു മുൻപ് കോലിയും രോഹിത്തും ബുമ്രയും പാക്കിസ്ഥാനിൽ കളിക്കണം: അഭ്യർഥിച്ച് പാക്ക് താരം
Mail This Article
ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതിനു മുൻപ് ഇന്ത്യൻ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർ ഒരിക്കലെങ്കിലും പാക്കിസ്ഥാൻ സന്ദർശിക്കണമെന്ന് പാക്ക് മുൻ താരം കമ്രാൻ അക്മല്‍. പാക്കിസ്ഥാനിലെ ഓരോ ക്രിക്കറ്റ് ആരാധകനും കോലിയോടും രോഹിത്തിനോടും അത്രയേറെ സ്നേഹം ഉണ്ടെന്ന് കമ്രാൻ അക്മൽ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ ഇരുവരും ട്വന്റി20യിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
‘‘രോഹിത്തും കോലിയും ലോകമാകെ സന്ദർശിച്ച് ക്രിക്കറ്റ് കളിക്കുന്നുണ്ട്. തകർപ്പൻ ബാറ്റിങ്ങിലൂടെ ഇരുവരും ആരാധകരെ കയ്യിലെടുത്തു. പാക്കിസ്ഥാനിലെത്തിയാൽ ഇതുവരെ കാണാത്ത അത്രയും ആരാധകർ അവർക്കു വേണ്ടി ഒഴുകിയെത്തും. വിരാട് ആരാധകരുടെ മാതൃകാ പുരുഷനാണ്. രോഹിത് ലോകകപ്പ് ജയിച്ച ക്യാപ്റ്റൻ, ലോകത്തെ ഏറ്റവും മികച്ച പേസ് ബോളറാണ് ബുമ്ര. ഇവരൊക്കെ പാക്കിസ്ഥാനിലെത്തിയാൽ അത് ആരാധകരിലുണ്ടാക്കുന്ന വികാരം വളരെ വലുതായിരിക്കും.’’
‘‘കോലി പാക്കിസ്ഥാനിൽ കളിച്ചാൽ മാത്രമേ അദ്ദേഹം എത്രത്തോളം ജനകീയനാണെന്നു മനസ്സിലാകൂ. പാക്കിസ്ഥാനിൽ കോലിയേക്കാളും ജനകീയനായ മറ്റൊരു ക്രിക്കറ്റ് താരമില്ല. പാക്കിസ്ഥാനിലെ താരങ്ങളെപ്പോലും അവർ അത്രയും ഇഷ്ടപ്പെടുന്നില്ല.’’– കമ്രാൻ അക്മൽ വ്യക്തമാക്കി. ഇന്ത്യ അണ്ടർ 19 ടീമിൽ കളിച്ചിരുന്നപ്പോൾ കോലി പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ താരങ്ങൾ ഇപ്പോള്‍. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് മത്സരം. സെപ്റ്റംബർ 27ന് കാൻപൂരിൽ പരമ്പരയിലെ രണ്ടാം മത്സരവും നടക്കും.