കായികതാരങ്ങൾക്കായി എല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി; ‘സർ, ഞങ്ങളും ഉത്തരാഖണ്ഡുകാരെ’ന്ന് പന്ത്, ഭിന്നിച്ച് ആരാധകർ
Mail This Article
ന്യൂഡൽഹി∙ കായിക താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നുണ്ടെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ പ്രസ്താനയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ഋഷഭ് പന്ത് എക്സിൽ പങ്കുവച്ച പോസ്റ്റിനെച്ചൊല്ലി ആരാധകർക്കിടയിൽ ആശയക്കുഴപ്പം. ‘സർ, ഞങ്ങളും ഉത്തരാഖണ്ഡുകാരാണ്’ എന്ന് വ്യക്തമാക്കി പന്ത് നടത്തിയ പരാമർശമാണ് ആശയക്കുഴപ്പത്തിനു കാരണമായത്. ദേശീയകായിക ദിനമായ ഓഗസ്റ്റ് 29ന് സംസ്ഥാനത്തെ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് താരത്തെ ക്ഷണിക്കാത്തതാണ് അത്തരമൊരു പ്രസ്താവനയ്ക്ക് കാരണമെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി.
രാജ്യാന്തര തലത്തിൽ മെഡലുകൾ നേടിയ കായിക താരങ്ങൾക്ക് ഊഴം തെറ്റിച്ചും ക്രമം നോക്കാതെയും ജോലി ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്നായിരുന്നു ധാമിയുടെ അവകാശവാദം. പാരിസ് ഒളിംപിക്സിൽ പങ്കെടുത്ത ഉത്തരാഖണ്ഡുകാരായ കായികതാരങ്ങളെ ദേശീയ കായികദിനത്തിൽ പൊതുചടങ്ങിൽവച്ച് സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. ലക്ഷ്യ സെൻ, പരംജീത് സിങ്, സൂരജ് പവാർ, അങ്കിത ധ്യാനി തുടങ്ങിയ താരങ്ങളെയാണ് ആദരിച്ചത്. ഇവർക്ക് സംസ്ഥാന സർക്കാരിന്റെ പാരിതോഷികമായി അരക്കോടി രൂപ വീതം കൈമാറിയിരുന്നു.
ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നിന്നുള്ള ഋഷഭ് പന്തിനെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ്, ചടങ്ങിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രിയുടെ വിഡിയോ പങ്കുവച്ച് ഋഷഭ് പന്ത് എക്സിൽ പോസ്റ്റിട്ടത്.
‘‘സർ, ഞങ്ങളും ഉത്തരാഖണ്ഡിൽനിന്നാണ്. ഉത്തരാഖണ്ഡുകാരായ കായികതാരങ്ങളുടെ വളർച്ച ഞങ്ങളുടെയും സ്വപ്നമാണ്’ – പന്ത് കുറിച്ചു.
‘‘ഉത്തരാഖണ്ഡിന്റെ അഭിമാനവും യുവതാരങ്ങൾക്കു പ്രചോദനവുമാണ് താങ്കൾ. ഞങ്ങൾ എപ്പോഴും താങ്കൾക്കൊപ്പമുണ്ട്.’ – ഇതിനു മറുപടിയായി മുഖ്യമന്ത്രി കുറിച്ചു.
സംസ്ഥാനത്തു നിന്നുള്ള കായിക താരങ്ങളെ ദേശീയ കായിക ദിനത്തിൽ ആദരിക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് പന്ത് ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കാൻ കാരണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. ഇതിനെ എതിർത്തും ഒരു വിഭാഗം രംഗത്തുണ്ട്.