ബിഗ് ബാഷിൽ ഇന്ത്യൻ ക്യാപ്റ്റനെ ഒരു ടീമിനും വേണ്ട, മലയാളി താരത്തിനും ആവശ്യക്കാരില്ല
Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ട്വന്റി20 ലീഗായ ബിഗ് ബാഷിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് ആവശ്യക്കാരില്ല. വനിതാ ലീഗിന്റെ കഴിഞ്ഞ അഞ്ചു സീസണുകളിലും കളിച്ച താരമാണ് ഹർമൻപ്രീത്. 35 വയസ്സുകാരിയായ ഹർമൻപ്രീത് കൗറിനു വേണ്ടി ഇത്തവണ ടീമുകളൊന്നും മുന്നോട്ടുവന്നില്ല. ഓസ്ട്രേലിയയിലെ മെൽബൺ സ്ട്രൈക്കേഴ്സിനും മെൽബൺ റെനഗേഡ്സിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഹർമൻപ്രീത് കൗർ. ഡ്രാഫ്റ്റിൽ മലയാളി താരം ആശ ശോഭനയ്ക്കും ആവശ്യക്കാരില്ല.
ഈ വർഷം നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിൽ ഹർമൻപ്രീത് കൗറിനു കീഴിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. 2023ലെ വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലെത്തിക്കുന്നതിലും ഹർമന്‍പ്രീതിന്റെ പ്രകടനം നിർണായകമായി. ബിഗ് ബാഷ് ലീഗിൽ 62 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹർമൻപ്രീത് കൗർ 1440 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാനയെ അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സ് നേരത്തേ ടീമിലെത്തിച്ചിരുന്നു.
ജെമീമ റോഡ്രിഗസ്, ശിഖ പാണ്ഡെ എന്നിവർ ബ്രിസ്ബെയ്ൻ ഹീറ്റ്സിൽ ചേർന്നു. മെൽബൺ സ്റ്റാർസ് യാസ്തിക ഭാട്യയെയും ദീപ്തി ശർമയെയും വാങ്ങി. അതേസമയം സ്നേഹ് റാണ, രാധാ യാദവ്, വേദ കൃഷ്ണമൂർത്തി എന്നിവർക്കും ഒരു ടീമിലും ഇടം കണ്ടെത്താൻ സാധിച്ചില്ല. 2024 വനിതാ പ്രീമിയർ ലീഗില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി പർപ്പിൾ ക്യാപ് നേടിയ ശ്രേയാങ്ക പാട്ടീലിനും ബിഗ് ബാഷിൽ അവസരമില്ല.