ആർപ്പോ ക്രിക്കറ്റ് ! കൊമ്പന്മാർ ചിന്നം വിളിച്ചു, ചെണ്ടമേളം അകമ്പടി; കെസിഎല്ലിനു തുടക്കം
Mail This Article
തിരുവനന്തപുരം∙ കൊമ്പന്മാർ ചിന്നം വിളിച്ചു, ചെണ്ടമേളം അകമ്പടിയേകി, തലസ്ഥാനത്തെ ക്രിക്കറ്റ് ആവേശത്തിലാഴ്ത്തി കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) കാര്യവട്ടം സ്പോർട്സ് ഹബിൽ വർണാഭമായ തുടക്കം. കെട്ടിലും മട്ടിലും ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) മിനി പതിപ്പായ കെസിഎൽ നൂറിൽ അധികം കേരള താരങ്ങളെയാണ് പ്രഥമ സീസണിൽ അവതരിപ്പിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു നടന്ന ഉദ്ഘാടന മത്സരം കാണാൻ ആളുകൾ കുറവായിരുന്നെങ്കിലും വൈകിട്ട് ഉദ്ഘാടനച്ചടങ്ങിനു മുൻപായി നൂറുകണക്കിനു ക്രിക്കറ്റ് പ്രേമികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ഇന്നു മുതൽ കാണികൾ മത്സരങ്ങൾക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
ഐപിഎൽ മാതൃകയിൽ രാജ്യാന്തര നിലവാരമുള്ള സംപ്രേക്ഷണമാണ് സ്റ്റാർ സ്പോർട്സ് ചാനൽ വഴി കെഎസിഎല്ലിനായി ഒരുക്കിയിരിക്കുന്നത്. മത്സരങ്ങൾ ഫാൻ കോഡ് ആപ്പിലും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ആവേശത്തിന്റെ ചിന്നം വിളി
ഐപിഎലിന്റെ ട്രേഡ് മാർക്ക് മ്യൂസിക് പോലെ കെസിഎല്ലിനും സ്വന്തമായി ഒരു തകർപ്പൻ സംഗീതമുണ്ട്– കൊമ്പൻമാരുടെ ചിന്നം വിളി ! ഐപിഎല്ലിൽ ഇടയ്ക്കിടെ കേൾക്കുന്ന വുവുസേലയോടു സമാനമായ സംഗീതം പോലെ കൊമ്പൻമാരുടെ ചിന്നം വിളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കെസിഎല്ലിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഓരോ ബൗണ്ടറിക്കും വിക്കറ്റിനും സ്റ്റേഡിയത്തിൽ ഈ മ്യൂസിക് പ്ലേ ചെയ്യും. ഇതിനു പുറമേ , ബൗണ്ടറികളും വിക്കറ്റും ആഘോഷിക്കാൻ സാംപിൾ വെടിക്കെട്ടും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇടയ്ക്കു പെയ്ത മഴ രസം കൊല്ലിയായെങ്കിലും ക്രിക്കറ്റ് ആവേശം ചോരാതെ നോക്കാൻ സംഘാടകർക്കും കളിക്കാർക്കും സാധിച്ചു.
പിച്ച് പെർഫക്ട്
രാജ്യാന്തര മത്സരത്തിലേതിനു സമാനമായ പിച്ചാണ് കാര്യവട്ടം സ്പോർട്സ് ഹബിൽ കെസിഎല്ലിനായി ഒരുക്കിയിരിക്കുന്നത്. മത്സരത്തിലുടനീളം പിച്ച് മികച്ച നിലവാരം പുലർത്തി. അപ്രതീക്ഷിത ബൗൺസോ വേഗക്കുറവോ ബാറ്റർമാരെ വലച്ചില്ല. തുടക്കത്തിൽ പേസർമാർക്കും മധ്യഓവറുകളിൽ സ്പിന്നർമാർക്കും പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചു. ബാറ്റർമാരെയും നിരാശപ്പെടുത്താതെയാണ് ആദ്യ ദിനം പിച്ച് പെരുമാറിയത്. മികച്ച നിലവാരത്തിലൊരുക്കിയ ഔട്ട്ഫീൽഡും മത്സരങ്ങളുടെ മാറ്റുകൂട്ടി.
ഉദ്ഘാടനം താരസമ്പന്നം
കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ഉൾപ്പെടെ വൻ താരനിരയാണ് ഉദ്ഘാടന ദിവസം മത്സരം കാണാൻ എത്തിയത്. സംവിധായകൻ പ്രിയദർശൻ, നടി കീർത്തി സുരേഷ്, നിർമാതാവ് സുരേഷ് കുമാർ, ഭാര്യയും നടിയുമായ മേനക സുരേഷ്, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ വിഐപി ഗാലറിയിൽ ഉണ്ടായിരുന്നു.