47 പന്തിൽ 61, ബാറ്റിങ് ദുഷ്കരമായ പിച്ചിൽ രക്ഷാപ്രവർത്തനം; കൊല്ലത്തിന്റെ അഭിഷേക് ‘കെ.എൽ.രാഹുൽ ലൈറ്റ്’
Mail This Article
തിരുവനന്തപുരം ∙ ഓപ്പണർ അഭിഷേക് നായരുടെ (47 പന്തിൽ 61 നോട്ടൗട്ട്) അർധ സെഞ്ചറിക്കരുത്തിൽ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന് വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 105 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ കൊല്ലം മറികടന്നു. സ്കോർ: കാലിക്കറ്റ്: 20 ഓവറിൽ 9ന് 104. കൊല്ലം 16.4 ഓവറിൽ 2ന് 106. അർധ സെഞ്ചറിയുമായി ടീമിന് അനായാസ ജയം സമ്മാനിച്ച അഭിഷേകാണ് പ്ലെയർ ഓഫ് ദ് മാച്ച്.
105 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊല്ലത്തിന് ഓപ്പണർ അരുൺ പൗലോസിനെ (8 പന്തിൽ 10) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 33 റൺസ് നേടിയ അഭിഷേകും ക്യാപ്റ്റൻ സച്ചിൻ ബേബിയും (22 പന്തിൽ 19) ചേർന്നു സ്കോർ ബോർഡ് മുന്നോട്ടുനീക്കി. സച്ചിനെ മടക്കിയ അഖിൽ സ്കറിയ കാലിക്കറ്റിനു പ്രതീക്ഷ നൽകിയെങ്കിലും 3–ാം വിക്കറ്റിൽ വത്സൽ ഗോവിന്ദിനെ (23 പന്തിൽ 16 നോട്ടൗട്ട്) കൂട്ടുപിടിച്ച് അഭിഷേക് കൊല്ലത്തെ മുന്നോട്ടുനയിച്ചു. 52 പന്തിൽ 60 റൺസ് കൂട്ടിച്ചേർത്ത സഖ്യം 3.2 ഓവർ ശേഷിക്കെ കൊല്ലത്തെ അനായാസം വിജയത്തിലെത്തിച്ചു. 47 പന്തിൽ 4 സിക്സും 3 ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിനു തുടക്കത്തിൽത്തന്നെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ (5 പന്തിൽ 6) നഷ്ടമായി. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 26 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. ഒരറ്റത്ത് ഉറച്ചുനിന്ന ഓപ്പണർ കെ.എ.അരുണിന്റെ (37 പന്തിൽ 38) ചെറുത്തുനിൽപാണ് കാലിക്കറ്റിനെ കൂട്ടത്തകർച്ചയിൽനിന്നു രക്ഷിച്ചത്. കൊല്ലത്തിനായി കെ.എം.ആസിഫ് മൂന്നും സച്ചിൻ ബേബി, എൻ.പി.ബാസിൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
രാഹുൽ ജൂനിയർ
ഇന്ത്യൻ താരം കെ.എൽ. രാഹുലിനെ ഓർമിപ്പിക്കും വിധമാണ് കൊല്ലം ഓപ്പണർ അഭിഷേക് നായർ ബാറ്റ് ചെയ്തത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ തുടക്കത്തിൽ പേസർമാരെ കരുതലോടെ നേരിട്ട അഭിഷേക്, സ്പിന്നർമാരുടെ മോശം പന്തുകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ച് റൺനിരക്ക് കുറയാതെ നോക്കി. ഇടയ്ക്കിടെ വെല്ലുവിളി ഉയർത്തിയ പിച്ചിലെ ലോ ബൗൺസ് ഫ്രണ്ട് ഫൂട്ട് ഡിഫൻസിലൂടെ മറികടന്ന അഭിഷേക്, ഇന്നിങ്സിന്റെ തുടക്കം മുതൽ ഒരു എൻഡ് സുരക്ഷിതമാക്കിയതോടെ കൊല്ലത്തിനു കാര്യങ്ങൾ എളുപ്പമായി.