ADVERTISEMENT

റാവൽപിണ്ടി∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും തോറ്റതോടെ നാണക്കേടിലായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങൾക്കെതിരെയും സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോൽക്കുന്ന രണ്ടാമത്തെ മാത്രം ടീമാണു പാക്കിസ്ഥാൻ. ബംഗ്ലദേശാണ് നാട്ടിൽ എല്ലാ ടീമുകൾക്കെതിരെയും ടെസ്റ്റ് തോറ്റ ആദ്യ ടീം. നാണക്കേടിന്റെ റെക്കോർഡിലേക്ക് പാക്കിസ്ഥാനെ തള്ളിയിട്ടതും അതേ ബംഗ്ലദേശ്.

പാക്കിസ്ഥാനിൽ ഒടുവിൽ കളിച്ച പത്ത് ടെസ്റ്റുകളിൽ ഒരിക്കൽ പോലും വിജയിക്കാന്‍ പാക്ക് ടീമിനു സാധിച്ചിട്ടില്ല. 10 ടെസ്റ്റിൽ ആറു സമനിലകളും നാലു തോൽവിയുമാണ് പാക്കിസ്ഥാനുള്ളത്. പാക്കിസ്ഥാൻ സ്വന്തം നാട്ടിൽ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 1303 ദിവസം മുൻപാണ്. 2021 ഫെബ്രുവരി എട്ടിന് ദക്ഷിണാഫ്രിക്കയെയാണ് പാക്കിസ്ഥാൻ അവസാനം തോൽപിച്ചത്. ബംഗ്ലദേശിനോടും തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ടേബിളിൽ പാക്കിസ്ഥാൻ എട്ടാം സ്ഥാനത്തേക്കു വീണു. ബംഗ്ലദേശ് നാലാം സ്ഥാനത്തുണ്ട്.

രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ ഉയർത്തിയ 185 റൺസ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 56 ഓവറിലാണ് ബംഗ്ലദേശ് എത്തിയത്. രണ്ടാം വിജയത്തോടെ ടെസ്റ്റ് പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ വിജയലക്ഷ്യത്തിലേക്ക് ചെറിയ ദൂരം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും പാക്കിസ്ഥാനെതിരെ വിക്കറ്റ് വലിച്ചെറിയാതെയായിരുന്നു ബംഗ്ലദേശിന്റെ ബാറ്റിങ്. മുൻനിര ബാറ്റർമാരായ സാകിർ ഹസന്‍ (39 പന്തിൽ 40), സദ്മൻ ഇസ്‍ലാം (51 പന്തിൽ 24), നജ്മുൽ ഹുസെയ്ൻ ഷന്റോ (82 പന്തിൽ 38), മൊമിനുൽ ഹഖ് (71 പന്തിൽ 34) എന്നിവർ തിളങ്ങി. മുഷ്ഫിഖർ റഹീമും (51 പന്തിൽ 22), ഷാക്കിബ് അൽ ഹസനും (43 പന്തിൽ 21) പുറത്താകാതെനിന്നു.

English Summary:

Pakistan lost test series against Bangladesh for 2-0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com