‘സഞ്ജു ക്രൗഡ് പുള്ളർ, അസാന്നിധ്യം ആരാധകരെ നിരാശരാക്കിയേക്കാം; സൂപ്പർ താരങ്ങളെ ഇനിയും ലഭിക്കും’
Mail This Article
കേരള ക്രിക്കറ്റ് ലീഗിന്റെ വരവ് ആഭ്യന്തര ടൂർണമെന്റിൽ കേരള താരങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ ഇന്ത്യൻ താരവും കേരള ടീമിന്റെ മുൻ പരിശീലകനുമായ ടിനു യോഹന്നാൻ. നിലവിൽ ദുലീപ് ട്രോഫിയിൽ ടീം ഡിയുടെ ബോളിങ് പരിശീലകനായ ടിനു, കെസിഎൽ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...
താങ്കൾ കളിച്ചിരുന്ന കാലത്ത് ഇത്തരം ലീഗുകൾ ഇല്ലാതിരുന്നതിൽ നിരാശയുണ്ടോ?
അന്നൊക്കെ ഒരു ക്രിക്കറ്റ് താരം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടണമെങ്കിലോ ഇന്ത്യൻ ടീമിൽ ഇടം പിടിക്കണമെങ്കിലോ ബിസിസിഐ നടത്തുന്ന ആഭ്യന്തര ടൂർണമെന്റുകൾ മാത്രമായിരുന്നു ഏക മാർഗം. അതുകൊണ്ടുതന്നെ കഴിവുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ ഒട്ടേറെ താരങ്ങൾ അന്ന് ഉണ്ടായിരുന്നു. ഇന്ന് പക്ഷേ, ഇത്തരം ലീഗുകൾ ലൈവായി ലോകം കാണുന്നു. കഴിവുള്ളവർക്ക് അത് പ്രദർശിപ്പിക്കാൻ മികച്ച അവസരം ലഭിക്കുന്നു.
സഞ്ജു സാംസന്റെ അഭാവം കെസിഎലിന്റെ താരപ്രഭയെ ബാധിക്കുമോ?
കേരള ക്രിക്കറ്റിലെ പ്രധാന ക്രൗഡ് പുള്ളറാണ് സഞ്ജു. അദ്ദേഹത്തിന്റെ അസാന്നിധ്യം കാണികളെ നിരാശപ്പെടുത്തിയേക്കാം. പക്ഷേ, ടൂർണമെന്റ് പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ സൂപ്പർ താരങ്ങളെ നമുക്കു ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. കാണികൾക്ക് ആഘോഷിക്കാനുള്ള വക കെസിഎലിൽ ഉണ്ടാകും.
ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ കെസിഎൽ സഹായിക്കുമോ?
തീർച്ചയായും. വരാനിരിക്കുന്ന ആഭ്യന്തര ടൂർണമെന്റുകളിൽ, പ്രത്യേകിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ കേരള ടീമിലേക്ക് മികച്ച താരങ്ങളെ കണ്ടെത്താൻ കെസിഎൽ സഹായിക്കും. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ഉൾപ്പെടെ ഇതു പ്രയോജനപ്പെടും. കൂടുതൽ കേരള താരങ്ങൾക്ക് ദേശീയ തലത്തിൽ ശ്രദ്ധ ലഭിക്കും.
ഈ ടൂർണമെന്റിൽ പ്രതീക്ഷ വയ്ക്കാവുന്ന യുവതാരങ്ങൾ?
ഒട്ടേറെ പേരുണ്ട്. ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടംപിടിച്ച മുഹമ്മദ് ഇനാൻ വളരെ പ്രതീക്ഷ നൽകുന്ന താരമാണ്. ലെഗ് സ്പിന്നറാണെന്നത് ഇനാന്റെ സാധ്യത വർധിപ്പിക്കുന്നു. ഓപ്പണിങ് ബാറ്ററായ ജോബിൻ ജോയ്, വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ, ആദ്യ മത്സരത്തിൽ അർധ സെഞ്ചറി നേടിയ അക്ഷയ് മനോഹർ തുടങ്ങി ഒട്ടേറെ യുവതാരങ്ങൾ കെസിഎലിന്റെ ഭാഗമാണ്.
കെസിഎലിലേക്ക് ക്ഷണമുണ്ടായിരുന്നോ?
ചില ടീമുകൾ പരിശീലകനാകാൻ ബന്ധപ്പെട്ടിരുന്നു. പക്ഷേ, നിലവിൽ ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യർ ക്യാപ്റ്റനായ ടീം ഡിയുടെ ബോളിങ് കോച്ചാണ് ഞാൻ. ഈ ടൂർണമെന്റ് കഴിഞ്ഞാൽ ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും. ഈ തിരക്കുകൾ കാരണം കെസിഎലിൽ പങ്കെടുക്കാൻ സാധിച്ചില്ല.