ADVERTISEMENT

തിരുവനന്തപുരം ∙ പവറും പെർഫെക്‌ഷനും ടൈമിങ്ങും സമംചേർത്തു നിറഞ്ഞാടിയ ആനന്ദ് സാഗർ (23 പന്തിൽ 41), വിഷ്ണു വിനോദ് (19 പന്തിൽ 47 നോട്ടൗട്ട്) എന്നീ ബാറ്റർമാരുടെ ബലത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരായ കെസിഎൽ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടിയപ്പോൾ 13 ഓവറിൽ തൃശൂർ ലക്ഷ്യം കണ്ടു.

സ്കോർ: ട്രിവാൻഡ്രം 20 ഓവറിൽ 7ന് 127. തൃശൂർ 13 ഓവറിൽ 2ന് 129. വെടിക്കെട്ട് തുടക്കം നൽകി തൃശൂരിനു കാര്യങ്ങൾ എളുപ്പമാക്കിയ ഓപ്പണർ ആനന്ദ് സാഗറാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

ലെങ്ത് ബോൾ എറിഞ്ഞാൽ ലോഫ്റ്റഡ് സ്‌ലോഗ്, ഷോർട്ട് ബോൾ എറിഞ്ഞാൽ കട്ട് ഷോട്ടും പുൾ ഷോട്ടും– തഴക്കം വന്ന ഒരു ട്വന്റി20 ഓപ്പണറുടെ ശൈലിയിലാണ് തൃശൂരിന്റെ ആനന്ദ് സാഗർ ഇന്നലെ ബാറ്റ് ചെയ്തത്. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തൃശൂരിനു പവർപ്ലേയിൽ തന്നെ ആനന്ദ് മേൽക്കൈ നൽകി. 23 പന്തിൽ 4 സിക്സും 3 ഫോറും അടക്കം 41 റൺസ് നേടിയ ആനന്ദ്, ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വരുൺ നായനാർക്കൊപ്പം (37 പന്തിൽ 30) ഏഴ് ഓവറിൽ 65 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പുറത്തായത്.  6 സിക്സും ഒരു ഫോറുമടക്കം 19 പന്തിൽ 47 റൺസുമായി കത്തിക്കയറിയ വിഷ്ണു വിനോദ്, 7 ഓവർ ബാക്കി നിൽക്കെ തൃശൂരിനെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം ഒരു ഘട്ടത്തിൽ 7ന് 84 എന്ന നിലയിലായിരുന്നു. എട്ടാം വിക്കറ്റിൽ 43 റൺസ് കൂട്ടിച്ചേർത്ത എം.എസ്.അഖിൽ (29 പന്തിൽ 36)– വിനോദ് കുമാർ (13 പന്തിൽ 19) സഖ്യം നടത്തിയ പോരാട്ടമാണ് നാണക്കേടിൽ നിന്നു രക്ഷിച്ചത്.

English Summary:

Thrissur Tetans won by 8 wickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com