കസേരകളി തുടരുന്നു, ബാബർ അസമിനെ പുറത്താക്കും; പുതിയ പരീക്ഷണത്തിന് പാക്കിസ്ഥാൻ
Mail This Article
ഇസ്‍ലാമബാദ്∙ വീണ്ടും ക്യാപ്റ്റനെ മാറ്റാനൊരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബാബർ അസമിനെ മാറ്റി, മുഹമ്മദ് റിസ്‍വാനു ചുമതല നൽകാനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നീക്കമെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരിക്കൽ ബാബർ അസം ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതാണ്.
പേസ് ബോളർ ഷഹീൻ അഫ്രീദിക്കായിരുന്നു തുടർന്ന് ഏകദിന, ട്വന്റി20 ടീമുകളുടെ ചുമതല. എന്നാൽ ഷഹീന്റെ പ്രകടനം മോശമാണെന്നു കണ്ടതോടെ ആഴ്ചകൾക്കു ശേഷം ബാബർ തന്നെ ക്യാപ്റ്റനായി തിരിച്ചെത്തി. ഷാൻ മസൂദാണ് പാക്ക് ടെസ്റ്റ് ടീമിന്റെ നായകൻ. ഇനി മുഹമ്മദ് റിസ്‍വാൻ ടീമിനെ നയിക്കണമെന്ന നിലപാടിലാണ് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ടെസ്റ്റ് ടീമിന്റെ ചുമതലയും റിസ്‍വാനു നൽകിയേക്കും.
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാൻ 2–0ന് തോറ്റിരുന്നു. ട്വന്റി20 ലോകകപ്പിലും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും പാക്കിസ്ഥാന്റെ പ്രകടനം മോശമായിരുന്നു. നവംബറില്‍ തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റുമെന്നാണു വിവരം. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ. ഒക്ടോബർ ഏഴിനു മുള്‍ട്ടാനിലാണ് ആദ്യ പോരാട്ടം.