ADVERTISEMENT

മുംബൈ∙ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് തന്റെ മകന്റെ ഓവറിൽ അഞ്ച് സിക്സ് നേടിയ സംഭവത്തിനു ശേഷം ജീവിതം ഏറെ സഹനപൂർണമായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതാരം യഷ് ദയാലിന്റെ പിതാവ് ചന്ദർപാൽ ദയാൽ. വീടിനു മുന്നിലൂടെ പോകുന്ന സ്കൂൾ ബസിലിരുന്ന് കുട്ടികൾ റിങ്കു സിങ്ങിന്റെ പേരു പറഞ്ഞും അഞ്ച് സിക്സറിന്റെ കാര്യം പറഞ്ഞും കൂകിവിളിക്കുന്നതും പരിഹസിക്കുന്നതും സ്ഥിരം പരിപാടിയായിരുന്നുവെന്ന് ചന്ദർപാൽ വെളിപ്പെടുത്തി. സ്കൂൾ വിടുന്ന സമയത്ത് അലഹാബാദിലെ കർബാല മസ്ജിദിനു സമീപമുള്ള വീടിനു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎലിലെയും ദുലീപ് ട്രോഫിയിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യഷ് ദയാലിന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളി വന്നതിനു പിന്നാലെയാണ് പിതാവ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ബംഗ്ലദേശിനെതിരെ ഈ മാസം 19ന് ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിലാണ് സിലക്ടർമാർ യഷ് ദയാലിനെ ഉൾപ്പെടുത്തിയത്.

‘‘സത്യം പറഞ്ഞാൽ അന്ന് ഞങ്ങളെ സംബന്ധിച്ച് വലിയൊരു അപകടം സംഭവിച്ച പ്രതീതിയായിരുന്നു. വീടിനു മുന്നിലൂടെ സ്കൂൾ ബസുകൾ കടന്നുപോകുമ്പോഴായിരുന്നു ഏറ്റവും പ്രയാസം. ബസിനുള്ളിലിരുന്ന് കുട്ടികൾ റിങ്കു സിങ്, റിങ്കു സിങ്, അഞ്ച് സിക്സ് എന്നൊക്കെ അലറി വിളിക്കും. വളരെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്. എന്തുകൊണ്ടാണ് എന്റെ മകന് ഇതു സംഭവിച്ചതെന്ന് ഓർത്ത് വളരെയധികം വിഷമിച്ചിട്ടുണ്ട്’ – ചന്ദർപാൽ പറഞ്ഞു.

yash-dayal-family
ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട യഷ് ദയാലിന്റെ കുടുംബാംഗങ്ങളുടെ ആഹ്ലാദം (പിടിഐ ചിത്രം)

ഈ സംഭവത്തോടെ യഷ് ദയാലിന്റെ മാതാവ് രാധ രോഗിയായി മാറി. ഭക്ഷണം കഴിക്കാൻ പോലും വിസമ്മതിച്ചതോടെ ആരോഗ്യനില തകരാറിലായി. അവർ പതുക്കെപ്പതുക്കെ വിഷാദത്തിലേക്കു വഴുതിത്തുടങ്ങിയെന്നും ചന്ദർപാൽ പറഞ്ഞു. അന്നത്തെ സംഭവത്തിനു ശേഷം യഷ് ദയാലും ആകെ തകർന്ന അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം ആരോടും സംസാരിച്ചില്ല. ആ ദുർദിനത്തിന്റെ ഓർമകൾ യഷിനെ ഏറെക്കാലം വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു.

ആ മത്സരത്തിനു ശേഷം യഷ് കുറേ മത്സരങ്ങളിൽ കളിച്ചില്ല. പിന്നീട് അവസാന മത്സരത്തിൽ കളിച്ചെങ്കിലും സീസൺ അവസാനിച്ചതോടെ ഗുജറാത്ത് ടൈറ്റൻസ് യഷിനെ ഒഴിവാക്കി. അതോടെ കരിയർ വീണ്ടും പൂജ്യത്തിൽനിന്ന് ആരംഭിക്കേണ്ട അവസ്ഥയിലായി മകനെന്നും ചന്ദർപാൽ പറഞ്ഞു.

‘‘യഷും ഈ സംഭവത്തോടെ രോഗിയായി മാറി. പക്ഷേ, ക്രിക്കറ്റ് ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് അവൻ എത്തരുതെന്ന് ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. അത് ഞങ്ങളുടെ കുടുംബം ഒന്നടങ്കം കൈക്കൊണ്ട തീരുമാനമായിരുന്നു. അവൻ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് അവന് ആത്മവിശ്വാസം പകരാൻ ഞങ്ങൾ ഒന്നിച്ചുനിന്ന് ശ്രമിച്ചു’ – ചന്ദർപാൽ പറഞ്ഞു.

∙ ഐപിഎലിൽ സംഭവിച്ചത്...

2023ലെ കൊൽക്കത്ത– ഗുജറാത്ത് മത്സരം. അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 29 റൺസ്. ഗുജറാത്ത് ആരാധകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ യഷ് ദയാൽ എറിഞ്ഞ 20–ാം ഓവറിൽ തുടർച്ചയായി 5 സിക്സറുകൾ നേടിയ റിങ്കു സിങ്, കൊൽക്കത്തയ്ക്ക് അവിശ്വസനീയ ജയം നേടിക്കൊടുത്തു. മത്സരത്തിനു പിന്നാലെ മാനസികമായ തകർത്ത യഷ് ദയാൽ ഐപിഎലിൽ നിന്ന് മാറിനിന്നു.

അസുഖം ബാധിച്ച യഷ് 10 ദിവസത്തോളം ചികിത്സയിലായിരുന്നു. അപ്രതീക്ഷിത തോൽവി യഷിനെ മാനസികമായും തകർത്തിരുന്നതായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വെളിപ്പെടുത്തുകയും ചെയ്തു.

ഒരു ഓവറിൽ അഞ്ച് സിക്സ് വഴങ്ങിയ മത്സരം നടന്ന ഐപിഎൽ സീസണിനു ശേഷം ഗുജറാത്ത് ടീം യഷിനെ കൈയൊഴിഞ്ഞിരുന്നു. പിന്നാലെ നടന്ന താരലേലത്തിൽ 5 കോടി രൂപയ്ക്കാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഇരുപത്തിയാറുകാരനായ യഷിനെ സ്വന്തമാക്കിയത്. ആ സീസണിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ യഷ്, 14 മത്സരങ്ങളിൽനിന്ന് സ്വന്തമാക്കിയത് 15 വിക്കറ്റ്. ദുലീപ് ട്രോഫിയിൽ കഴിഞ്ഞ ദിവസം സമാപിച്ച മത്സരത്തിലും മികച്ച പ്രകടനമാണ് ദയാൽ പുറത്തെടുത്തത്. ഇന്ത്യ ബിയ്‌ക്കായി ഇന്ത്യ എയ്‌ക്കെതിരെ നേടിയത് നാലു വിക്കറ്റ്.

English Summary:

'School bus would pass by, kids would scream Rinku, Rinku', says Yash Dayal's father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com