സെൽഫിയെടുക്കാൻ തോളത്ത് കൈവച്ച് ആരാധകൻ, തട്ടിമാറ്റി പാക്ക് ക്യാപ്റ്റൻ ബാബർ അസം; രൂക്ഷവിമർശനം– വിഡിയോ
Mail This Article
കറാച്ചി∙ ടീമിന്റെ മോശം പ്രകടനങ്ങളുടെ പേരിൽ നിരന്തരം പഴി കേൾക്കുന്ന പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ക്യാപ്റ്റൻ ബാബര്‍ അസമിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമര്‍ശനം. പക്ഷേ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിലല്ല ഇത്. സെല്‍ഫി എടുക്കാനെത്തിയ ഒരു ആരാധകൻ തോളിൽ കയ്യിട്ടപ്പോള്‍ ബാബർ അസം തട്ടിമാറ്റിയതാണ് ആരാധകർക്കു രസിക്കാതെ പോയത്. സെൽഫിക്കായി പോസ് ചെയ്തെങ്കിലും പാക്ക് ക്യാപ്റ്റൻ ആരാധകന്റെ കൈ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ബാബറിനെതിരെ വിമർശനവും ശക്തമായി.
ആഭ്യന്തര ടൂർണമെന്റായ വൺഡേ കപ്പ് ക്രിക്കറ്റിനിടെയാണു സംഭവം. ബാബറിന്റെ ആറ്റിറ്റ്യൂഡിന് യാതൊരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ബംഗ്ലദേശിനെതിരായ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ബാബറിന്റെ പ്രകടനം മോശമായിരുന്നു. 0,22,11,31 എന്നിങ്ങനെയായിരുന്നു നാല് ഇന്നിങ്സുകളിൽനിന്നുള്ള ബാബറിന്റെ പ്രകടനം. ബാബര്‍ അസമിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റി മുഹമ്മദ് റിസ്‍വാനു ചുമതല നല്‍കാന്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്.
ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും റിസ്‍വാനു നൽകാനാണു നീക്കം. നേരത്തേ ബാബർ അസമിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ പാക്ക് ബോർഡ് പേസർ ഷഹീന്‍ ഷാ അഫ്രീദിയെ ചുമതല ഏൽപിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഏതാനും മത്സരങ്ങൾ തോറ്റതോടെ ബാബർ തന്നെ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തി. എന്നിട്ടും പാക്കിസ്ഥാന്റെ പ്രകടനത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഇതോടെയാണ് അടുത്ത ക്യാപ്റ്റനെ പരീക്ഷിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായത്.