ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇടവേളയ്ക്കു ശേഷം ആലപ്പി റിപ്പിൾസ് വിജയവഴിയിൽ. ബോളർമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ ട്രിൻവാൻഡ്രം റോയൽസിനെ 52 റൺസിനാണ് ആലപ്പി റിപ്പിൾസ് തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 125 റൺസ്. ട്രിവാൻഡ്രം റോയൽസിന്റെ മറുപടി 16.5 ഓവറിൽ 73 റൺസിൽ അവസാനിച്ചു.

സീസണിൽ ആലപ്പി റിപ്പിൾസിന്റെ മൂന്നാം ജയമാണിത്. സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ശേഷം തോൽവിയിലേക്കു വഴുതിയ റിപ്പിൾസ്, ഇടവേളയ്ക്കു ശേഷമാണ് വിജയവഴിയിൽ തിരിച്ചെത്തുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ആലപ്പി റിപ്പിൾസിന് ഒരിക്കൽക്കൂടി ഓപ്പണർമാരായ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ, കൃഷ്ണപ്രസാദ് എന്നിവരുടെ പ്രകടനമാണ് തുണയായത്. ഒരി‍ക്കൽക്കൂടി ഓപ്പണിങ് വിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും, ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 42 പന്തിൽനിന്ന് ഇരുവരും സ്കോർബോർഡിലെത്തിച്ചത് 51 റൺസ്.

കൃഷ്ണ പ്രസാദ് 40 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത് ടോപ് സ്കോററായി. അസ്ഹറുദ്ദീൻ 23 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്തും പുറത്തായി. ഇവർക്കു ശേഷം അതുൽ ഡയമണ്ട് 15 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം നേടിയ 22 റൺസാണ് ആലപ്പിയെ 127ൽ എത്തിച്ചത്. ഫാസിൽ ഫനൂസ് അഞ്ച് പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു.

ട്രിവാൻഡ്രം റോയൽസിനായി ഹരികൃഷ്ണൻ നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. എം.എസ്. അഖിൽ, അഖിൻ സുതർ, ശ്രീഹരി നായർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൻഡ്രം നിരയിൽ 18 പന്തിൽ 19 റൺസെടുത്ത ഹരികൃഷ്ണനാണ് ടോപ് സ്കോറർ. ഏഴു പന്തിൽ 11 റൺസെടുത്ത ഓപ്പണർ സുബിൻ, 13 പന്തിൽ 13 റൺസെടുത്ത ആകർശ് എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവർ. നാല് ഓവറിൽ 9 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനാണ് റോയൽസിനെ തകർത്തത്. ഫാസിൽ ഫാനൂസ്, അഫ്രാദ് റിഷാബ് എന്നിവർ രണ്ടും കിരൺ സാഗർ ഒരു വിക്കറ്റും വീഴ്ത്തി.

English Summary:

Akshay Chandran's Four-Wicket Haul Propels Ripples to Victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com