സഞ്ജുവിന്റെ സിക്സറുകൾ ഗാലറിയുടെ മേൽക്കൂരയിലും ഗാലറിക്കു പുറത്തും; ‘ഓണം സ്പെഷൽ’ എന്ന് രാജസ്ഥാൻ– വിഡിയോ
Mail This Article
ബെംഗളൂരു∙ തിരുവോണ നാളിൽ അനന്തപുരിലെ റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ട്. മികച്ച തുടക്കം അർധസെഞ്ചറിയോ സെഞ്ചറിയോ ആയി മാറ്റാനായില്ലെങ്കിലും, 45 പന്തിൽ മൂന്നു ഫോറും മൂന്നു പടുകൂറ്റൻ സിക്സറുകളും സഹിതം സഞ്ജു അടിച്ചുകൂട്ടിയത് 40 റൺസ്. സഞ്ജുവിന്റെ സിക്സറുകളിൽ ഒന്ന് ഗാലറിയുടെ മേൽക്കൂരയിലും ഒന്ന് ഗാലറിക്കു പുറത്തുമാണ് പതിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ‘ഓണം സ്പെഷൽ’ എന്ന ക്യാപ്ഷൻ സഹിതം താരത്തിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് എക്സിൽ പങ്കുവച്ചു.
488 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന ഇന്ത്യ ഡിയ്ക്കായി, ആറാമനായാണ് സഞ്ജു ബാറ്റിങ്ങിനെത്തിയത്. ടീം സ്കോർ 158ൽ നിൽക്കെ നാലാമനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്തായതോടെയാണ് സഞ്ജു ക്രീസിലെത്തുന്നത്. അഞ്ചാം വിക്കറ്റിൽ റിക്കി ഭുയിക്കൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടു തീർത്താണ് താരം പുറത്തായത്. 82 പന്തിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 62 റൺസ്!
തനുഷ് കൊട്ടിയനെതിരെ ക്രീസിനു പുറത്തേക്ക് ചാടിയിറങ്ങി ബൗണ്ടറി നേടിക്കൊണ്ടാണ് സഞ്ജു അക്കൗണ്ട്് തുറന്നത്. തൊട്ടടുത്ത ഓവറിൽ ഷംസ് മുളാനിക്കെതിരെ പടുകൂറ്റൻ സിക്സറുമായി സഞ്ജു നയം വ്യക്തമാക്കി. സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട സഞ്ജു, അടുത്ത ഓവറിൽ തനുഷ് കൊട്ടിയനെതിരെ വീണ്ടും സിക്സർ നേടി.
ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 24 പന്തിൽ 17 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. തിരിച്ചെത്തിയ ശേഷം തനുഷ് കൊട്ടിയനെതിരെ വീണ്ടും തുടർച്ചയായ പന്തുകളിൽ ഫോറും സിക്സും. പിന്നാലെ പ്രസിദ്ധ് കൃഷ്ണയ്‌ക്കെതിരെ വീണ്ടും ബൗണ്ടറി നേടിയ സഞ്ജു 40ലെത്തി. ഇതിനു പിന്നാലെ ഷംസ് മുളാനിയുടെ പന്തിലാണ് സഞ്ജു പുറത്തായത്. തിരുവോണ നാളിൽ സഞ്ജുവിന്റെ അർധസെഞ്ചറിയും സെഞ്ചറിയും കാത്തിരുന്ന ആരാധകരെ നിരാശരാക്കി 45 പന്തിൽ 40 റൺസുമായി സഞ്ജു മടങ്ങി.