സെഞ്ചറിയുമായി പടനയിച്ച് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (103); ട്രിവാൻഡ്രത്തെ വീഴ്ത്തി സെമിയുറപ്പിച്ച് കാലിക്കറ്റ്
Mail This Article
തിരുവനന്തപുരം∙ സീസണിലെ മൂന്നാം സെഞ്ചറി സ്വന്തം പേരിലാക്കി ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ മുന്നിൽ നിന്നു നയിച്ച ആവേശപ്പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സെമിയിൽ. റണ്ണൊഴുക്കു കണ്ട മത്സരത്തിൽ നാലു വിക്കറ്റിനാണ് കാലിക്കറ്റിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ട്രിവാൻഡ്രം റോയൽസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 170 റൺസ്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് രണ്ടു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.
തകർപ്പൻ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് കാലിക്കറ്റിന്റെ വിജയശിൽപി. രോഹൻ 58 പന്തിൽ ഒൻപതു ഫോറും ആറു സിക്സും സഹിതം 103 റൺസെടുത്ത് പുറത്തായി. രോഹനു പുറമേ കാലിക്കറ്റ് നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ടു പേർ മാത്രം. ഓപ്പണർ ഒമർ അബൂബക്കർ 14 പന്തിൽ 19 റൺസെടുത്തപ്പോൾ, സൽമാൻ നിസാർ 30 പന്തിൽ 34 റൺസെടുത്തും പുറത്തായി. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തിയെങ്കിലും രോഹൻ ടീമിനെ വിജയത്തിലെത്തിച്ചു.
ഓപ്പണിങ് വിക്കറ്റിൽ ഒമർ – രോഹൻ സഖ്യവും (34 പന്തിൽ 55), നാലാം വിക്കറ്റിൽ രോഹൻ – സൽമാൻ നിസാർ സഖ്യവും (59 പന്തിൽ 88) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി തുടർച്ചയായ രണ്ടാം മത്സരത്തിലും നാലു വിക്കറ്റ് വീഴ്ത്തിയ വിനോദ് കുമാറിന്റെ പോരാട്ടം പാഴായി. ശ്രീഹരി നായർ, എം.എസ്. അഖിൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ അർധസെഞ്ചറി നേടിയ റിയ ബഷീർ, ഗോവിന്ദ് പൈ എന്നിവരുടെ പ്രകടനമാണ് ട്രിവാൻഡ്രം റോയൽസിന് മികച്ച സ്കോർ സമ്മാനിച്ചത്. റിയ ബഷീർ 47 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 64 റൺസെടുത്ത് പുറത്തായി. ഗോവിന്ദ് പൈ 54 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 79 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ റിയ ബഷീർ – ഗോവിന്ദ് പൈ സഖ്യം സെഞ്ചറി കൂട്ടുകെട്ട് തീർത്തു. 81 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 122 റൺസ്. കാലിക്കറ്റിനായി അഖിൽ സ്കറിയ, അഖിൽ ദേവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.