ദക്ഷിണാഫ്രിക്കയെ 106ന് പുറത്താക്കി, 144 പന്ത് ബാക്കിനിൽക്കെ വിജയം; ചരിത്രമെഴുതി അഫ്ഗാന്
Mail This Article
ഷാർജ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്ര വിജയവുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ കീഴടക്കുന്നത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 26 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കളി പിടിക്കുകയായിരുന്നു. 144 പന്തുകൾ ബാക്കി നിൽക്കെയാണ് അഫ്ഗാനിസ്ഥാന്റെ വിജയം.
35 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ഫസൽഹഖ് ഫറൂഖിയാണു കളിയിലെ താരം. വമ്പൻമാരെ വീഴ്ത്തുന്നതു ശീലമാക്കിയ അഫ്ഗാനിസ്ഥാന്റെ പന്ത് അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ വലിയ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 33.3 ഓവറിൽ 106 റൺസെടുത്തു പുറത്താകുകയായിരുന്നു.
84 പന്തിൽ 52 റൺസെടുത്ത വിയാൻ മുൽഡറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മുൽഡർക്കു പുറമേ ജോൺ ഫോർചൂൺ (34 പന്തിൽ 16), കൈൽ വെരെയ്ൻ (11 പന്തിൽ 10) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. 10 ഓവറിൽ 36 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫറൂഖി നാലു വിക്കറ്റുകളും ഗസൻഫർ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. സ്പിന്നർ റാഷിദ് ഖാൻ രണ്ടു വിക്കറ്റുകളും നേടി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ റഹ്മാനുല്ല ഗുർബാസിനെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ നഷ്ടമായെങ്കിലും അഫ്ഗാനിസ്ഥാന്‍ മത്സരം സ്വന്തമാക്കി. ഗുൽബാദിൻ നായിബ് (27 പന്തിൽ 34), അസ്മത്തുല്ല ഒമർസായി (36 പന്തിൽ 25) എന്നിവർ പുറത്താകാതെനിന്നു. ഹഷ്മത്തുല്ല ഷാഹിദിയും (16), റിയാസ് ഹസനുമാണ് (16) മറ്റ് പ്രധാന സ്കോറർമാർ.