ഐസിസി ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റിയില് അംഗമായി മലയാളി, സുമോദ് ദാമോദർ സംസാരിക്കുന്നു
Mail This Article
ആഫ്രിക്ക, ഏഷ്യ ക്രിക്കറ്റ് സഹകരണം വർധിപ്പിക്കാനുള്ള പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകുമെന്നു ഐസിസി ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി സുമോദ് ദാമോദർ പറയുന്നു. നാലാം തവണയാണു സുമോദ് ദാമോദർ ഐസിസി ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റിയിൽ എത്തുന്നത്. ഐസിസി അസോഷ്യേറ്റ് രാജ്യങ്ങളുടെ പ്രതിനിധി തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിന് ഒടുവിലാണു വിജയിച്ചത്. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ പ്രതിനിധിയാണ്. ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ വൈസ് ചെയർമാനും ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) ചെയർമാനുമാണ് നിലവിൽ സുമോദ്.
∙ ആഫ്രിക്കൻ പ്ലാൻ
മൂന്നു ഘട്ടമായുള്ള ക്രിക്കറ്റ് വികസനമാണു ലക്ഷ്യം. ഒന്നാമത്തെ തലത്തിൽ അണ്ടർ 14, 18 വിഭാഗങ്ങളിലെ ടീമുകൾ തമ്മിൽ ഭൂഖണ്ഡാന്തര ക്രിക്കറ്റ് മത്സരങ്ങൾ. ഗ്രാസ്റൂട്ട് വികസനമാണ് ലക്ഷ്യം. രണ്ടാം തലത്തിൽ യൂത്ത് ഡവലപ്മെന്റ്. വളർന്നു വരുന്ന താരങ്ങളുടെ വികസനമാണ് ലക്ഷ്യം. മൂന്നാമത്തെ തലത്തിൽ ആഫ്രിക്കയിലെയും ഏഷ്യയിലേയും മികച്ച താരങ്ങൾ കൂടി പങ്കെടുക്കുന്ന മത്സരങ്ങൾ. പദ്ധതിക്കുള്ള പണം മൂന്നാമത്തെ തലത്തിലുള്ള മത്സരങ്ങളിലൂടെയാകും ലഭിക്കുക. ഐസിസി പ്രസിഡന്റായി ജയ് ഷാ എത്തുമ്പോൾ പദ്ധതിക്കു കൂടുതൽ പ്രോത്സാഹനമുണ്ടാകുമെന്നു സുമോദ് പറയുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഡവലപ്മെന്റ് ചെയർമാൻ മഹീന്ദ വലിപ്പുറം അടക്കമുള്ളവരും പിന്തുണ നൽകുന്നു.
∙ ആഫ്രിക്കയിൽ ക്രിക്കറ്റ് വളരുന്നു
ബോട്സ്വാനയിൽ അടക്കം ക്രിക്കറ്റ് വളരുന്നതായി സുമോദ് പറയുന്നു. യുഗാണ്ട, നമീബിയ, ടാൻസാനിയ തുടങ്ങി ഐസിസി അസോഷ്യേറ്റ് മെംബർ രാജ്യങ്ങളിലും ക്രിക്കറ്റ് വളരുന്നുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങി കൂടുതൽ ഭൂഖണ്ഡങ്ങളിൽ അസോസിയേഷനുകൾക്കു ശ്രമമുണ്ട്. ഭൂഖണ്ഡ അടിസ്ഥാനത്തിൽ ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഇപ്പോൾ അസോസിയേഷനുകളുള്ളത്. കൂടുതൽ അസോസിയേഷനുകൾ വരുന്നതു ക്രിക്കറ്റിന്റെ വളർച്ചയ്ക്കു ഗുണം ചെയ്യും.
∙ ടെൻസ് ക്രിക്കറ്റ് ഉടൻ അംഗീകരിക്കാൻ ഇടയില്ല
ഇപ്പോൾ പല സ്ഥലത്തും പ്രചാരത്തിലുള്ള 10 ഓവർ ക്രിക്കറ്റ് ഐസിസി ഉടൻ അംഗീകരിക്കാൻ ഇടയില്ല. ട്വന്റി 20, വൺഡേ, ടെസ്റ്റ് എന്നീ 3 ഫോർമാറ്റുകളിലാണ് ഐസിസി ശ്രദ്ധ ചെലുത്തുന്നത്. നാലാമത് ഒന്ന് വരണമെങ്കിൽ ഇതിൽ ഒന്ന് ഉപേക്ഷിക്കേണ്ടി വരും. നന്നായി മുന്നോട്ടു പോകുന്ന ഫോർമാറ്റുകൾ ഉപേക്ഷിക്കാൻ ഐസിസി ഉടൻ തീരുമാനിക്കാൻ ഇടയില്ല. യൂറോപ്പിൽ അടക്കം ടെൻസ് ക്രിക്കറ്റ് നടക്കുന്നുണ്ട്.
∙ പട്ടാമ്പിക്കാരൻ
പാലക്കാട് പട്ടാമ്പി സ്വദേശിയാണു സുമോദ്. ചങ്ങനാശേരി പെരുന്ന സ്വദേശിനി ലക്ഷ്മി സുമോദാണു ഭാര്യ. ബോട്സ്വാനയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ആഫ്രോ വേൾഡ് ഗ്രൂപ്പ് എംഡിയാണു സുമോദ്. വിദ്യാർഥികളായ സിദ്ധാർഥ്, ചന്ദ്രശേഖർ എന്നിവരാണു മക്കൾ.