രണ്ടാം ഇന്നിങ്സിൽ മെല്ലെത്തുടങ്ങി കത്തിക്കയറി സഞ്ജു; ആദ്യ ബൗണ്ടറി 29–ാം പന്തിൽ, 53 പന്തിൽ 45 റൺസുമായി പുറത്ത്
Mail This Article
അനന്തപുർ∙ ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിയ്‌ക്കെതിരായ സെഞ്ചറി പ്രകടനത്തിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഡിയുടെ മലയാളി താരം സഞ്ജു സാംസണിന് അർധസെഞ്ചറി അഞ്ച് റൺസിന് നഷ്ടം. 67 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഡി, മൂന്നാം ദിനം കളി നിർത്തുമ്പോൾ 44 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എന്ന നിലയിലാണ്. റിക്കി ഭുയി 90 റൺസോടെയും ആകാശ് സെൻ ഗുപ്ത 28 റൺസോടെയും ക്രീസിൽ. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ഇതുവരെ 79 പന്തിൽ 83 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു ദിവസത്തെ കളി പൂർണമായും ബാക്കിനിൽക്കെ ഇന്ത്യ ഡിയ്ക്ക് ആകെ 311 റൺസിന്റെ ലീഡുണ്ട്.
ഇതുവരെ 87 പന്തുകൾ നേരിട്ട റിക്കി ഭുയി 10 ഫോറും മൂന്നു സിക്സും സഹിതമാണ് 90 റൺസെടുത്തത്. 68 പന്തുകൾ േനരിട്ട ആകാശ് നാലു ഫോറുകളുടെ അകമ്പടിയോടെ 28 റൺസുമെടുത്തു. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഇന്നിങ്സും ഇന്ത്യ ഡിയ്ക്ക് കരുത്തായി. അയ്യർ 40 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 50 റൺസെടുത്തു.
ഇന്ത്യ ഡി നിരയിൽ ഓപ്പണർ ദേവ്ദത്ത് പടിക്കൽ (ഏഴു പന്തിൽ മൂന്ന്), കെ.എസ്. ഭരത് (അഞ്ച് പന്തിൽ രണ്ട്), നിഷാന്ത് സിന്ധു – നാലു പന്തിൽ അഞ്ച്) എന്നിവർ നിരാശപ്പെടുത്തി. ഒരു ഘട്ടത്തിൽ മൂന്നിന് 18 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യ ഡിയെ, നാലാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത അയ്യർ – റിക്കി ഭുയി സഖ്യമാണ് താങ്ങിനിർത്തിയത്. ഇരുവരും 63 പന്തിൽ കൂട്ടിച്ചേർത്തത് 75 റൺസ്.
ശ്രേയസ് അയ്യർ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സഞ്ജു അതീവ ശ്രദ്ധയോടെയാണ് തുടക്കമിട്ടത്. ആദ്യ 28 പന്തിൽനിന്ന് സഞ്ജു നേടിയത് അഞ്ച് റൺസ് മാത്രം. ഒരു ഫോർ പോലും ഉൾപ്പെടാത്ത ഇന്നിങ്സ്. 29–ാം പന്തിലാണ് സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. ചായയ്ക്കു പിരിഞ്ഞ ശേഷം തിരിച്ചെത്തിയതോടെ ബാറ്റിങ്ങിന്റെ വേഗം കൂട്ടിയ സഞ്ജു, 53 പന്തിൽ 45 റൺസെടുത്ത് പുറത്തായി. സഞ്ജുവുമൊത്തുള്ള ബാറ്റിങ്ങിനിടെ പരുക്കേറ്റ റിക്കി ഭുയി റിട്ടയേർഡ് ഹർട്ടായി മടങ്ങിയെങ്കിലും, അഞ്ചാം വിക്കറ്റിൽ ആകാശ് സെൻ ഗുപ്തയെ കൂട്ടുപിടിച്ച് സഞ്ജു അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 58 പന്തിൽ ആകാശിനൊപ്പം കൂട്ടിച്ചേർതത് 54 റൺസിൽ, 40 റൺസും സഞ്ജുവിന്റെ സംഭാവനയായിരുന്നു. 26 പന്തിൽ നിന്നാണ് സഞ്ജു 40 റൺസ് കൂട്ടിച്ചേർത്തത്.
ഇന്ത്യ ബിയ്ക്കായി മുകേഷ് കുമാർ 13 ഓവറിൽ 80 റൺസ് വഴങ്ങി മൂന്നും നവ്ദീപ് സെയ്നി 11 ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി 87.3 ഓവറിൽ 349 റൺസ് എടുത്തപ്പോൾ, ഇന്ത്യ ബിയുടെ ഒന്നാം ഇന്നിങ്സ് 76.2 ഓവറിൽ 282 റൺസിൽ അവസാനിച്ചിരുന്നു. 19.2 ഓവറിൽ 73 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സൗരഭ് കുമാറാണ് ഇന്ത്യ ബിയെ തകർത്തത്. അർഷ്ദീപ് സിങ് മൂന്നും ആദിത്യ താക്കറെ രണ്ടും വിക്കറ്റ് വീഴ്ത്തി.