പന്തിന്റെ ഷോട്ട് വായുവിൽ ഉയർന്നയുടൻ ചാടിയെഴുന്നേറ്റ് റെഡിയായി രാഹുൽ; ക്യാച്ച് വിട്ടു, വീണ്ടും കസേരയിൽ– വിഡിയോ
Mail This Article
ചെന്നൈ∙ ഇന്ത്യ – ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഋഷഭ് പന്ത് പുറത്താകുമെന്ന് കരുതി ബാറ്റിങ്ങിന് ഇറങ്ങാൻ തയാറെടുത്തെങ്കിലും, ബംഗ്ലദേശ് താരം ക്യാച്ച് കൈവിട്ടതോടെ ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും സീറ്റിൽ ഇരിക്കുന്ന കെ.എൽ. രാഹുലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ഷാക്കിബ് അൽ ഹസനെതിരായ ഋഷഭ് പന്തിന്റെ ഷോട്ട് വായുവിൽ ഉയർന്നയുടൻ ക്യാച്ചാകുമെന്ന് കരുതിയാണ് ഡ്രസിങ് റൂമിൽ കെ.എൽ. രാഹുൽ കസേരയിൽനിന്ന് ചാടിയെഴുന്നേറ്റ് ബാറ്റിങ്ങിന് ഇറങ്ങാൻ തയാറെടുത്തത്.
ബംഗ്ലദേശ് താരം ക്യാച്ച് കൈവിട്ടതോടെ ഒന്നും സംഭവിക്കാത്ത മട്ടിൽ രാഹുൽ തന്റെ സീറ്റിൽ തന്നെ ഇരുന്നു. ഇതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. രാഹുലിനെ നോക്കി അടുത്തിരിക്കുന്ന മുഹമ്മദ് സിറാജ് ചിരിക്കുന്നതും വിഡിയോയിൽ കാണാം.
ഇന്ത്യൻ ഇന്നിങ്സിലെ 49–ാം ഓവറിലാണ് സംഭവം. ഈ ഓവർ ബോൾ ചെയ്തത് ഷാക്കിബ് അൽ ഹസൻ. ഓവറിലെ അവസാന പന്ത് എറിയാനായി ഷാക്കിബ് എത്തുമ്പോൾ 99 പന്തിൽ 72 റൺസ് എന്ന നിലയിലായിരുന്നു ഋഷഭ് പന്ത്. എന്നാൽ ഷാക്കിബിനെ സ്ലോഗ്സ്വീപ് ചെയ്യാനുള്ള പന്തിന്റെ ശ്രമം പാളി പന്ത് ടോപ്–എഡ്ജായി വായുവിൽ ഉയർന്നു.
ഇതു കണ്ടയുടൻ ക്യാച്ച് ഉറപ്പിച്ച് രാഹുൽ കസേരയിൽനിന്നും ചാടിയെഴുന്നേറ്റ് ബാറ്റും ഹെൽമറ്റുമെടുത്ത് ബാറ്റിങ്ങിന് ഇറങ്ങാൻ തയാറെടുത്തു. കുനിഞ്ഞ് ബാറ്റെടുത്ത് നിവർന്നപ്പോഴേയ്ക്കും ഗ്രൗണ്ടിൽ പന്തിന്റെ ക്യാച്ച് ബംഗ്ലദേശ് നായകൻ കൂടിയായ നജീമുൽ ഹുസൈൻ ഷാന്റോ കൈവിടുന്നതാണ് രാഹുൽ കാണുന്നത്. ഉടൻതന്നെ ബാറ്റും ഹെൽമറ്റും പഴയ സ്ഥലത്തുതന്നെ വച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ രാഹുൽ സീറ്റിൽത്തന്നെ ഇരുന്നു.
എന്നാൽ, അനായാസം കയ്യിലൊതുക്കാമായിരുന്ന ക്യാച്ച് ബംഗ്ലദേശ് നായകൻ നജീമുൽ ഹുസൈൻ ഷാന്റോ കൈവിട്ടതോടെ രാഹുൽ ഒന്നും സംഭവിക്കാത്തതുപോലെ കസേരയിൽത്തന്നെ ഇരിക്കുകയായിരുന്നു. രാഹുലിനു സമീപം ഇരുന്ന പേസ് ബോളർ മുഹമ്മദ് സിറാജ് ഇതുകണ്ട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. അനായാസ ക്യാച്ച് ഷാന്റോ കൈവിടുന്നതുകണ്ട് ഡ്രസിങ് റൂമിൽ രവീന്ദ്ര ജഡേജ, രോഹിത് ശർമ എന്നിവർ അവിശ്വസനീയതോടെ നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്.