ADVERTISEMENT

ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റു ചെയ്യുന്നതിനിടെ എതിർ ടീം ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയെ ഫീൽഡ് ക്രമീകരിക്കാൻ ‘സഹായിക്കുന്ന’ ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശുഭ്മൻ ഗില്ലിനൊപ്പം രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് ഫീൽഡ് ക്രമീകരിക്കാൻ ഷാന്റോയ്‌ക്കൊപ്പം പന്തും കൂടിയത്. വാഹനാപകടത്തെ തുടർന്ന് രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ പന്ത് സെഞ്ചറി നേടിയിരുന്നു.

ഇന്ത്യയ്ക്കായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഋഷഭ് പന്ത് – ശുഭ്മൻ ഗിൽ സഖ്യം ക്രീസിൽ നിൽക്കെ, ഓവറുകളുടെ ഇടവേളയിൽ ബംഗ്ലദേശ് നായകൻ ഷാന്റോ ഫീൽഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയായിരുന്നു. ഇതിനിടെയാണ് ക്രീസിൽ നിൽക്കുകയായിരുന്ന പന്തും ‘സഹായ’വുമായി എത്തിയത്.

‘ഒരു ഫീൽഡർ ഇവിടെ നിൽക്കൂ’ എന്ന് പന്ത് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. മിഡ് വിക്കറ്റ് മേഖലയിലേക്ക് ചൂണ്ടിയാണ് അവിടെ ഒരാൾ ഫീൽഡ് ചെയ്യാൻ പന്ത് ആവശ്യപ്പെട്ടത്. എന്തായാലും ബംഗ്ലദേശ് നായകൻ ഉടൻതന്നെ പന്ത് ചൂണ്ടിക്കാട്ടിയ സ്ഥലത്തുതന്നെ ഒരു ഫീൽഡറെ നിയോഗിച്ചതും കൗതുകമായി.

മത്സരത്തിൽ 124 പന്തിൽ 11 ഫോറും നാലു സിക്സും സഹിതമാണ് പന്ത് സെഞ്ചറിയിലെത്തിയത്. നാലാം വിക്കറ്റിൽ പന്ത് – ഗിൽ സഖ്യം 167 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചറി പൂർത്തിയാക്കി അധികം വൈകാതെ ഋഷഭ് പന്ത് പുറത്തായി. 128 പന്തിൽ 13 ഫോറും നാലു സിക്സും സഹിതം 109 റൺസെടുത്ത പന്തിനെ മെഹ്ദി ഹസൻ മിറാസ് സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി. രാഹുൽ 19 പന്തിൽ നാലു ഫോറുകൾ സഹിതം 22 റൺസുമായി പുറത്താകാതെ നിന്നു.

ഇതിനിടെ, 2019ലെ ഏകദിന ലോകകപ്പിനിടെ ബംഗ്ലദേശിനെതിരെ തന്നെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ഫീൽഡ് ക്രമീകരിക്കുന്ന വിഡിയോയും വൈറലായി. അന്ന് സാബിർ റഹ്മാൻ ബോൾ ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ക്രീസിൽ നിൽക്കുകയായിരുന്ന ധോണി അദ്ദേഹത്തെ തടഞ്ഞ് ഫീൽഡിങ് ക്രമീകരണവുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. ഇതിന്റെ വിഡിയോ അന്നും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

English Summary:

Rishabh Pant hilariously helps Bangladesh to set field on Day 3 of 1st Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com