ബംഗ്ലദേശിനെതിരെ ഇന്ത്യൻ നായകൻ രോഹിത് ഡിക്ലയർ ചെയ്തത് മോശം തീരുമാനം: വിമർശിച്ച് പാക്ക് മുൻ താരം
Mail This Article
ഇസ്‍ലാമാബാദ്∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നര ദിവസത്തിലധികം കളി ബാക്കിനിൽക്കെ ഇന്ത്യ 280 റൺസിന്റെ കൂറ്റൻ വിജയം നേടിയെങ്കിലും, മൂന്നാം ദിനം തന്നെ ഇന്ത്യ ഡിക്ലയർ ചെയ്തത് മണ്ടൻ തീരുമാനമായിപ്പോയെന്ന വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എന്ന നിലയിൽ നിൽക്കെ ഇന്ത്യ ഡിക്ലയർ ചെയ്തത് നേരത്തേയായിപ്പോയെന്നും ആ തീരുമാനം തെറ്റാണെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു. തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് ബാസിത് അലിയുടെ ഈ വിലയിരുത്തൽ.
രണ്ടാം ഇന്നിങ്സിൽ തുടക്കം മോശമായെങ്കിലും, തകർപ്പൻ സെഞ്ചറികളുമായി ശുഭ്മൻ ഗില്ലും (119*) ഋഷഭ് പന്തും (109) മിന്നിത്തിളങ്ങിയതോടെയാണ് ഇന്ത്യ നാലിന് 287 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തത്. ഈ സമയത്ത് 19 പന്തിൽ നാലു ഫോറുകളോടെ 22 റൺസുമായി കെ.എൽ. രാഹുലായിരുന്നു ഗില്ലിനൊപ്പം ക്രീസിൽ.
കുറച്ചുകാലമായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന കെ.എൽ. രാഹുൽ ക്രീസിൽ നിൽക്കുമ്പോൾ, ഇന്ത്യ കുറച്ചു നേരം കൂടി ബാറ്റു ചെയ്യുന്നതായിരുന്നു നല്ലതെന്ന് ബാസിത് അലി ചൂണ്ടിക്കാട്ടി. നിർണാടകമായ ഓസ്ട്രേലിയൻ പര്യടനം ഉൾപ്പെടെ വരാനിരിക്കെ, രാഹുലിന്റെ ആത്മവിശ്വാസം ഉയർത്താൻ അത് സഹായിക്കുമായിരുന്നുവെന്നാണ് അലിയുടെ വാദം.
‘‘ഇന്നിങ്സ് ഡിക്ലയർ െചയ്ത ഇന്ത്യയുടെ തീരുമാനം തെറ്റിപ്പോയി. ദുലീപ് ട്രോഫിയിലും മികച്ച സ്കോർ കണ്ടെത്താനാകാതെ പോയ കെ.എൽ. രാഹുലിന് കുറച്ചു നേരം കൂടി ക്രീസിൽ തുടരാൻ അവസരം നൽകേണ്ടതായിരുന്നു. രാഹുലിന് ഒരു 70–80 റൺസ് സ്കോർ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ അതിന്റെ ഗുണം ഇന്ത്യയ്ക്കു തന്നെ ലഭിക്കുമായിരുന്നു. കാരണം, ഈ സ്ഥാനത്ത് രാഹുലിന്റെ പ്രകടനം ഓസ്ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടെ സഹായകമായേനെ’ – ബാസിത് അലി പറഞ്ഞു.
ഈ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 52 പന്തിൽ 16 റൺസുമായി രാഹുൽ പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും, ഇന്ത്യൻ നായകൻ രോഹിത് ശർമ ഡിക്ലറേഷൻ പ്രഖ്യാപിച്ചതോടെ രാഹുലിന് അധികനേരം ക്രീസിൽ തുടരാൻ സാധിച്ചിരുന്നില്ല. വാഹനാപകടത്തിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ സെഞ്ചറി നേടിയ ഋഷഭ് പന്തിന്റെ പ്രകടനത്തെയും ബാസി അലി പ്രശംസിച്ചു.