ADVERTISEMENT

ദുബായ് ∙ കന്നി കിരീടമെന്ന സ്വപ്നം സഫലമാക്കാൻ‌ കുന്നോളം പ്രതീക്ഷകളുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് വേദിയിലെത്തി. ഒക്ടോബർ 3ന് യുഎഇയിൽ ആരംഭിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഇന്നലെ രാവിലെയാണ് ദുബായിലെത്തിയത്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീമിൽ കേരളത്തിന്റെ അഭിമാന താരങ്ങളായ ആശ ശോഭനയും സജന സജീവനുമുണ്ട്. ലോകകപ്പിന് മുൻപ് 29ന് വെസ്റ്റിൻഡീസിനെതിരെയും ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കും. നാലിന് ന്യൂസീലൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

ജൂണിൽ പുരുഷ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ രോഹിത് ശർമയും സംഘവും തങ്ങൾക്കു പ്രചോദനമാകുമെന്നാണ് ഇന്നലെ മുംബൈയിൽ നിന്ന് യാത്ര തിരിക്കും മുൻപ് ക്യാപ്റ്റൻ‌ ഹർമൻപ്രീത് കൗർ പറഞ്ഞത്. 11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുരുഷ ടീം ഇത്തവണ ലോകകപ്പ് നേടിയതെങ്കിൽ ലോകകപ്പിലെ കന്നി കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് വനിതാ ടീമിന്റെ ലക്ഷ്യം. 2017 ഏകദിന ലോകകപ്പിലും 2020 ട്വന്റി20 ലോകകപ്പിലും റണ്ണറപ്പായതാണ് ഇതുവരെയുള്ള മികച്ച നേട്ടം. കഴിഞ്ഞ വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായിരുന്നു.

ജൂലൈയിലെ ഏഷ്യാ കപ്പിനുശേഷം വനിതാ ടീമിന് മത്സരങ്ങളുണ്ടായിരുന്നില്ല. ഇതിന്റെ പരിമിതി മറികടക്കാൻ കഴിഞ്ഞ 10 ദിവസമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കഠിന പരിശീലനത്തിലായിരുന്നു ഇന്ത്യൻ താരങ്ങൾ. 10 ടീമുകൾ 2 ഗ്രൂപ്പുകളായി മത്സരിക്കുന്ന ലോകകപ്പിലെ പ്രാഥമിക റൗണ്ടിൽ ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ശ്രീലങ്ക ടീമുകൾക്കൊപ്പമാണ് ഇന്ത്യ. പാക്കിസ്ഥാനെതിരെ 6നും  ശ്രീലങ്കയ്ക്കെതിരെ 9നും  ഓസ്ട്രേലിയയ്ക്കെതിരെ 13നുമാണ് മറ്റു ഗ്രൂപ്പ് മത്സരങ്ങൾ. 

18 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യ പ്രവേശനം

ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പ് മത്സരവേദിയിൽ 18 വയസ്സിൽ താഴെയുള്ളവർക്കു സൗജന്യ പ്രവേശനം. യുഎഇ ആതിഥ്യം വഹിക്കുന്ന ലോകകപ്പിലെ മത്സരങ്ങൾ ദുബായ്, ഷാർജ സ്റ്റേഡിയങ്ങളിലായാണ് നടക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ഇന്നലെ ആരംഭിച്ചു.

5 ദിർഹം മുതൽ (ഏകദേശം 114 രൂപ) 40 ദിർഹം വരെയാണ് (ഏകദേശം 914 രൂപ) ടിക്കറ്റ് നിരക്ക്. ഒക്ടോബർ 3ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഫൈനൽ ഒക്ടോബർ ഇരുപതിനാണ്. ബംഗ്ലദേശിൽ നടക്കേണ്ട ലോകകപ്പാണ് അവിടത്തെ രാഷ്ട്രീയ സാഹചര്യം കാരണം യുഎഇയിലേക്കു മാറ്റിയത്.

English Summary:

Women's T20 World Cup: Indian team reached UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com