ADVERTISEMENT

കാൻപുര്‍∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ക്യാപ്റ്റൻ രോഹിത് ശർമയെയും സഹതാരങ്ങളെയും ഞെട്ടിച്ച് ഇന്ത്യൻ പേസർ ആകാശ്ദീപ്. മത്സരത്തിന്റെ 13–ാം ഓവറിൽ ആകാശ്ദീപിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഷദ്മൻ‌ ഇസ്‌ലാമിനെ പുറത്താക്കാൻ ഡിആർഎസ് എടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനിച്ചത്. ഷദ്മൻ ഔട്ടായതോടെ രോഹിതും സഹതാരങ്ങളും ഞെട്ടിപ്പോയി, റിവ്യു പോകാനുള്ള തീരുമാനത്തിൽ ഇന്ത്യൻ താരങ്ങൾ ആകാശ്ദീപിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

സംഭവം ഇങ്ങനെ: ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച ഷദ്മൻ ഇസ്‍ലാം 13–ാം ഓവറിലെ ആകാശ് ദീപിന്റെ പന്ത് ഫ്ലിക് ചെയ്യാനാണു ശ്രമിച്ചത്. പന്ത് ഷദ്മന്റെ പാഡിൽ തട്ടിയതോടെ ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തു. എന്നാൽ അംപയർ ഔട്ട് അനുവദിച്ചില്ല. ഇതോടെ റിവ്യു വേണമെന്ന ആവശ്യവുമായി ഇന്ത്യൻ ബോളർ, ക്യാപ്റ്റൻ രോഹിത് ശർമയുടെ അടുത്തെത്തി. സംശയമുണ്ടായിരുന്നെങ്കിലും ആകാശ് ദീപിനൊപ്പം നിൽക്കുകയാണ് രോഹിത് ചെയ്തത്.

ബോൾ ട്രാക്കിങ്ങിൽ പന്ത് ലെഗ് സ്റ്റംപിൽ ഇടിക്കുമായിരുന്നെന്നു തെളിഞ്ഞതോടെ അംപയർ ഔട്ട് അനുവദിച്ചു. 10 ഓവറുകൾ പന്തെറിഞ്ഞ ആകാശ് ദീപ് 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആദ്യ സെഷൻ വിക്കറ്റ് പോകാതെ ബംഗ്ലദേശ് പിടിച്ചുനിന്നെങ്കിലും, ആദ്യ ദിനം ബംഗ്ലദേശിന്റെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. 35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ് ബംഗ്ലദേശ്. 81 പന്തിൽ 40 റൺസുമായി മൊമീനുൽ ഹഖും 13 പന്തിൽ ആറു റൺസുമായി മുഷ്ഫിഖർ റഹീമുമാണു ക്രീസിൽ.

ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ (57 പന്തിൽ 31), ഷദ്മൻ ഇസ്‌‍ലാം (36 പന്തിൽ 24), സാക്കിർ ഹസൻ (പൂജ്യം) എന്നിവരാണ് ആദ്യ ദിവസം പുറത്തായ ബംഗ്ലദേശ് ബാറ്റർമാര്‍. മഴ കാരണം വൈകി തുടങ്ങിയ കളി ആദ്യ ദിവസം നേരത്തേ അവസാനിപ്പിക്കുകയായിരുന്നു. കാൻപുരിൽ മൂന്നു ദിവസം മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം.

English Summary:

Akash Deep Convinces Rohit Sharma To Take DRS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com