ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര: സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പർ; മയാങ്കും നിതീഷും പുതുമുഖങ്ങൾ
Mail This Article
മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ പ്രധാന വിക്കറ്റ് കീപ്പറാകും. കഴിഞ്ഞ ഐപിഎലിന്റെ കണ്ടെത്തലായ യുവപേസർ മയാങ്ക് യാദവ്, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ബിസിസിഐയുടെ പ്രത്യേക നിർദേശ പ്രകാരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുകയാണ് മയാങ്ക് യാദവ്. ലക്നൗ സൂപ്പർ ജയന്റ്സ് താരമായ മയാങ്ക്, കഴിഞ്ഞ ഐപിഎല്ലിൽ 150 കിലോമീറ്ററിലേറെ വേഗതയിൽ പന്തെറിഞ്ഞ് സിലക്ടർമാരെ ഞെട്ടിച്ചിരുന്നു.
15 അംഗ ടീമിൽ ജിതേഷ് ശർമയാണ് രണ്ടാം വിക്കറ്റ് കീപ്പർ. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരെന്നു പ്രഖ്യാപിച്ചിട്ടില്ല. യുവതാരങ്ങളായ അഭിഷേക് ശർമ, റിയാൻ പരാഗ് എന്നിവരും ടീമിലുണ്ട്. ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഒൻപതിന് ന്യൂഡൽഹിയിലും 12ന് ഹൈദരാബാദിലുമാണ് മറ്റു മത്സരങ്ങൾ.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി, ജിതേഷ് ശർമ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, മയങ്ക് യാദവ്.