രണ്ടാം ദിനം ഒരു പന്തു പോലും എറിയാനായില്ല, താരങ്ങൾ ഹോട്ടലിലേക്കു മടങ്ങി; ഞായറാഴ്ചയും മഴയ്ക്കു സാധ്യത
Mail This Article
കാൻപുർ∙ ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി മഴ കാരണം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാതെയാണ് രണ്ടാം ദിവസത്തെ കളി വേണ്ടെന്നു വച്ചത്. കാൻപുരിൽ ഞായറാഴ്ചയും മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. ആദ്യ ദിവസം മഴ കാരണം 35 ഓവർ കളിച്ച ശേഷം കളി മതിയാക്കിയിരുന്നു.
ഇരു ടീമുകളും സ്റ്റേഡിയത്തിൽനിന്ന് ഹോട്ടലിലേക്കു മടങ്ങി. മഴമൂലം 35 ഓവർ മാത്രം കളി നടന്ന ആദ്യ ദിനം 3ന് 107 എന്ന നിലയിലാണ് ബംഗ്ലദേശ് ബാറ്റിങ് അവസാനിപ്പിച്ചത്. 40 റൺസുമായി മോമിനുൽ ഹഖും 6 റൺസുമായി മുഷ്ഫിഖുർ റഹിമുമാണ് ക്രീസിൽ.
ഇന്ത്യയ്ക്കായി പേസർ ആകാശ് ദീപ് 10 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പിന്നർ ആർ.അശ്വിനായിരുന്നു മൂന്നാം വിക്കറ്റ്. കാൻപുരിൽ ശനിയാഴ്ച രാവിലെ മുതൽ മഴ തുടരുകയാണ്. ഇടയ്ക്ക് മഴയ്ക്ക് ശമനമുണ്ടായെങ്കിലും കളി തുടങ്ങാൻ സാധിച്ചില്ല.