കമിന്ദു കാണ്ഡം ! 13–ാം ഇന്നിങ്സിൽ 1000 റൺസ്; കമിന്ദു മെൻഡിസ് ബ്രാഡ്മാനൊപ്പം
Mail This Article
കരിയറിലെ ആദ്യ 8 ടെസ്റ്റ് മത്സരങ്ങളിലും അർധ സെഞ്ചറിയോ അതിൽ കൂടുതലോ നേടുന്ന ആദ്യ താരമാണ് കമിന്ദു മെൻഡിസ്. ആദ്യ 7 ടെസ്റ്റുകളിലും അർധ സെഞ്ചറി നേടിയ പാക്കിസ്ഥാൻ താരം സൗദ് ഷക്കീലിന്റെ റെക്കോർഡ് മറികടന്നു.
ഗോൾ (ശ്രീലങ്ക)∙ 8 ടെസ്റ്റ്, 13 ഇന്നിങ്സ്, 1000 റൺസ് ! ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കൻ ‘വണ്ടർ ബോയ്’ കമിന്ദു മെൻഡിസ് സ്വപ്നതുല്യമായ കുതിപ്പ് തുടരുകയാണ്. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ സെഞ്ചറി നേട്ടത്തോടെ, ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന ബാറ്റർമാരിൽ രണ്ടാമനായി കമിന്ദു. ഈ റെക്കോർഡിൽ ഇരുപത്തിയഞ്ചുകാരൻ ലങ്കൻ താരത്തിന് ഒപ്പമുള്ളതാവട്ടെ സാക്ഷാൽ ഡോൺ ബ്രാഡ്മാനും. കമിന്ദുവും ബ്രാഡ്മാനും 13 ഇന്നിങ്സുകളിൽനിന്ന് 1000 റൺസ് തികച്ചപ്പോൾ 12 ഇന്നിങ്സുകളിൽ 1000 റൺസ് പിന്നിട്ട മുൻ ഇംഗ്ലണ്ട് താരം ഹെർബെട്ട് സറ്റ്ക്ലിഫ്, മുൻ വെസ്റ്റിൻഡീസ് താരം എവർട്ടൻ വീക്സ് എന്നിവരാണ് പട്ടികയിൽ ഒന്നാമത്. എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന കമിന്ദു ഇതിനോടകം 5 സെഞ്ചറിയും 4 അർധ സെഞ്ചറിയും നേടിക്കഴിഞ്ഞു.
ലങ്കയ്ക്ക് ആധിപത്യം
കമിന്ദു മെൻഡിസ് (182 നോട്ടൗട്ട്), ദിനേഷ് ചണ്ഡിമൽ (116), കുശാൽ മെൻഡിസ് (106 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ആതിഥേയരായ ശ്രീലങ്ക ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ 5ന് 602 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ലങ്കയ്ക്കെതിരെ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 2ന് 22 എന്ന നിലയിലാണ് സന്ദർശകർ. ആദ്യ ടെസ്റ്റ് ജയിച്ച ലങ്ക, പരമ്പരയിൽ 1–0ന് മുന്നിലാണ്.
91.27
ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസിനു മുകളിലുള്ള താരങ്ങളിൽ ഏറ്റവുമുയർന്ന രണ്ടാമത്തെ ബാറ്റിങ് ശരാശരി കമിന്ദുവിന്റെ പേരിലാണ്– 91.27 ആണ്. പട്ടികയിൽ ഒന്നാമതുള്ളത് ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാൻ (99.94).