ടെസ്റ്റ് റാങ്കിങ്ങിൽ ജസ്പ്രീത് ബുമ്ര ഒന്നാമത്, അശ്വിനെ പിന്തള്ളി; ബാറ്റർമാരിൽ യശസ്വി മൂന്നാമത്
Mail This Article
മുംബൈ∙ ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. കാൻപുരിൽ നടന്ന ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുമ്ര ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനെ പിന്നിലാക്കിയാണ് ബുമ്രയുടെ മുന്നേറ്റം. ബംഗ്ലദേശിനെതിരായ പരമ്പരയിലെ താരമായെങ്കിലും റാങ്കിങ്ങിൽ രണ്ടാമതാണ് അശ്വിന്റെ സ്ഥാനം.
ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ആറാമതുണ്ട്. ഇന്ത്യന്‍ സ്പിന്നർ കുൽദീപ് യാദവ് 16–ാം സ്ഥാനത്തും തുടരുന്നു. ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ മൂന്നാം സ്ഥാനത്തെത്തി. കാൻപുർ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും അർധ സെഞ്ചറി നേടിയ ജയ്സ്വാളിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് ആണിത്. വെറും 11 ടെസ്റ്റുകൾ മാത്രം കളിച്ചാണ് ജയ്സ്വാൾ മൂന്നാം സ്ഥാനത്തേക്കു കുതിച്ചത്.
792 റേറ്റിങ് പോയിന്റുകളാണ് ജയ്സ്വാളിനുള്ളത്. 899 പോയിന്റുള്ള ഇംഗ്ലിഷ് താരം ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. 829 പോയിന്റുമായി കെയ്ൻ വില്യംസൻ രണ്ടാമതും തുടരുന്നു. ഇന്ത്യയുടെ വെറ്ററൻ താരം വിരാട് കോലി ആദ്യ പത്തിലേക്കു തിരിച്ചെത്തി. ആറാമതാണ് കോലിയുടെ സ്ഥാനം. ഋഷഭ് പന്ത് ഒൻപതാം സ്ഥാനത്തുണ്ട്. ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ ജഡേജ ഒന്നാം സ്ഥാനത്തും അശ്വിൻ രണ്ടാമതും തുടരുന്നു.